ലക്നൗ: തലയിൽ ഒരു ജോടി സ്വർണ പാദുകങ്ങളുമായി അയോദ്ധ്യയിലേയ്ക്ക് യാത്ര പുറപ്പെട്ട് ഹൈദരാബാദ് സ്വദേശി. ചർള ശ്രീനിവാസ ശാസ്ത്രി എന്ന വ്യക്തിയാണ് ശ്രീരാമ ഭഗവാനെ ഭജിച്ചുകൊണ്ട് രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന വേളയിൽ അയോദ്ധ്യയിലേയ്ക്ക് യാത്ര തിരിച്ചിരിക്കുന്നത്. 1,300 കിലോമീറ്ററാണ് കാൽ നടയായി ഈ മദ്ധ്യവയസ്കൻ താണ്ടുന്നത്.
രാമക്ഷേത്രത്തിന്റെ മഹത്തായ ഉദ്ഘാടനത്തിന് മുന്നോടിയായി ഉത്തർപ്രദേശ് മുഖ്യമന്ത്രിയെ നേരിൽ കണ്ട് ഏകദേശം 1.2 കോടി വിലമതിക്കുന്ന ‘സ്വർണ പാദുകം’ സമ്മാനിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ഒക്ടോബർ 28 ന് ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരി ജില്ലയിലെ വെദുർപാക ഗ്രാമത്തിൽ നിന്നാണ് ചർള ശ്രീനിവാസ ശാസ്ത്രി അയോദ്ധ്യയിലേയ്ക്ക് പുറപ്പെട്ടത്. ഭാഗ്യനഗരം സീതാരാമ സേവാ ട്രസ്റ്റ് ഫൗണ്ടേഷൻ ഡയറക്ടർ കൂടിയാണ് ശാസ്ത്രി.
തുടക്കത്തിൽ വെള്ളി കൊണ്ടാണ് ശാസ്ത്രി ചെരുപ്പ് ഉണ്ടാക്കിയത്. അന്ന് ഓരോന്നിനും എട്ട് കിലോ തൂക്കം ഉണ്ടായിരുന്നു. പിന്നീട് ചെരുപ്പ് സ്വർണം പൂശുകയായിരുന്നു. ഇതോടെ ചെരുപ്പിന്റെ ഭാരം 12.5 കിലോ വീതമായി. രാമക്ഷേത്രത്തിലേക്കുള്ള ശാസ്ത്രിയുടെ ആദ്യ സംഭാവനയല്ല ഇത്. ക്ഷേത്രത്തിന്റെ തറക്കല്ലിടൽ സമയത്ത് 2.5 കിലോ വീതം ഭാരമുള്ള അഞ്ച് വെള്ളി ഇഷ്ടികകൾ അദ്ദേഹം മുമ്പ് സംഭാവന ചെയ്തിട്ടുണ്ട്.















