എറണാകുളം: കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിന് ഇഡി നോട്ടീസ് അയച്ചു. ഈ മാസം 12-ന് ഹാജരാകാനാണ് ഇഡി അറിയിച്ചിരിക്കുന്നത്. കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം.
മസാല ബോണ്ട് കേസിൽ തോമസ് ഐസകിനെ ചോദ്യം ചെയ്യുന്നതിനെ ഹൈക്കോടതി നേരത്തെ തടഞ്ഞിരുന്നു. തന്റെ വ്യക്തിഗത വിവരങ്ങൾ ചോദിക്കുന്നുവെന്ന് കാണിച്ച് ഇഡിക്കെതിരെ തോമസ് ഐസക് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി നടപടിയെടുത്തത്.
ചോദ്യം ചെയ്യുന്നതിനും അനാവശ്യ രേഖകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി നിരന്തരം നോട്ടീസ് അയക്കുന്നുവെന്നും കേസിന്റെ പിന്നിൽ രാഷ്‌ട്രീയമാണെന്നും തോമസ് ഐസക് ഹർജിയിൽ പറഞ്ഞിരുന്നു. തുടർന്നാണ് ഹൈക്കോടതി തടഞ്ഞത്. അന്വഷണവുമായി ഇഡിക്ക് മുന്നോട്ട് പോകാമെന്ന് അടുത്തിടെ കോടതി അറിയിച്ചതോടെയാണ് മുൻ ധനമന്ത്രിക്ക് കുരുക്ക് മുറുകിയത്.