ലക്നൗ: ജനുവരി 22-ന് നടക്കുന്ന അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് രാജ്യമെമ്പാടുമുള്ള ജനങ്ങളിലേക്ക് എത്തിക്കുമെന്ന് ബിജെപി. ഇതിനായി പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ തത്സമയം സംപ്രേക്ഷണം ചെയ്യുമെന്ന് ബിജെപി അറിയിച്ചു. രാജ്യമെമ്പാടും ബൂത്ത് തലത്തിലാണ് ചടങ്ങുകൾ സംപ്രേക്ഷണം ചെയ്യുന്നത്.
പ്രാണപ്രതിഷ്ഠാ ദിനത്തിൽ രാജ്യത്തുടനീളം ബുത്ത് തലത്തിൽ വലിയ സ്ക്രീനുകൾ സജ്ജീകരിക്കാൻ ബിജെപി പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. രാംലല്ലയുടെ പ്രാണപ്രതിഷ്ഠ സാധാരണ ജനങ്ങൾക്ക് കാണാനുള്ള അവസരം ഒരുക്കി കൊടുക്കുക എന്നതാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇതിലൂടെ പൊതുജനങ്ങൾക്ക് രാംലല്ല ദർശിക്കാനും പ്രാണപ്രതിഷ്ഠാ ചടങ്ങിന് സാക്ഷ്യം വഹിക്കാനും സാധിക്കും.
അയോദ്ധ്യയിൽ നടക്കുന്ന ചരിത്ര നിമിഷത്തിൽ പങ്കുചേരുന്നതിനായി ഇന്ത്യയിൽ നിന്നും വിദേശത്ത് നിന്നുമുള്ള നിരവധി പ്രമുഖ വ്യക്തികൾക്കാണ് ക്ഷണം ലഭിച്ചിരിക്കുന്നത്. ജനുവരി 14 മുതൽ ജനുവരി 22 വരെ അയോദ്ധ്യാ അമൃത് മഹോത്സവമായി ആഘോഷിക്കും. പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി ജനുവരി 16-ന് രാംലല്ലയുടെ മറ്റ് സമർപ്പണ ചടങ്ങുകളും അയോദ്ധ്യയിൽ നടക്കും. ആയിരക്കണക്കിന് ഭക്തർക്ക് അന്നദാനം നൽകുമെന്നും സുരക്ഷാ നടപടികൾ സജ്ജീകരിച്ചിട്ടുണ്ടെന്നും ശ്രീരാമ ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.















