കാത്തിരിപ്പുകൾക്ക് വിരാമിട്ടുകൊണ്ട് ശിവകാർത്തികേയൻ ചിത്രം അയലാൻ പ്രദർശനത്തിന്. ആർ.രവികുമാർ സംവിധാനം ചെയ്യുന്ന ചിത്രം പൊങ്കൽ റിലീസിന് ഒരുങ്ങുകയാണെന്ന് അണിയറ പ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നു. ജനുവരി 12-നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.
സയൻസ്ഫിക്ഷൻ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ ശിവകാർത്തികേയനോടൊപ്പം ഒരു ഏലിയനും പ്രത്യക്ഷപ്പെടുന്നുണ്ട്. ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വിട്ടിരിക്കുകയാണ് അണിറപ്രവർത്തകർ. രണ്ടു മിനിറ്റും 19 സെക്കന്റുമുള്ള ട്രെയിലർ ആരാധകർക്ക് മികച്ച ദൃശ്യാനുഭവമാണ് നൽകുന്നത്. പുറത്തിറങ്ങി ഒരു ദിവസം പിന്നിടുമ്പോൾ 3 മില്യൺ കാഴ്ചക്കാരുമായി ട്രെയിലർ യൂട്യൂബിൽ ട്രെൻഡിങ്ങ് ലിസ്റ്റിലാണ്.
ഗംഭീര മേക്കിങ് കൊണ്ടും താരങ്ങളുടെ അത്യുഗ്ര പ്രകടനം കൊണ്ടും വ്യത്യസ്തമായ അനുഭവം തന്നെയായിരിക്കും ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുക. കൂടാതെ മികച്ച തീയേറ്റർ എക്‌സ്പീരിയൻസും ചിത്രം നൽകുമെന്നതിൽ സംശയമില്ല. ചിത്രം ആക്ഷനും പ്രധാന്യം നൽകുന്നുണ്ട്. രാകുൽ പ്രീത് ആണ് അയലാനിൽ നായികയായി എത്തുന്നത്. എ ആർ റഹ്‌മാനാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. യോഗി ബാബു, ഭാനുപ്രിയ, ഇഷ കോപിക്കർ, ബാല ശരവണൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.















