താനെ: റെയിൽവേസ്റ്റേഷനു സമീപം അലഞ്ഞു തിരിഞ്ഞ മലയാളിയെ ഡോംബിവിലി കേരളീയ സമാജം വൃദ്ധാശ്രമത്തിലെത്തിച്ചു. മനസികാസ്വാസ്ഥ്യമുള്ള ഇയാളെ പോലീസിന്റെ സഹായത്തോടെയാണ് വൃദ്ധാശ്രമത്തിലെത്തിച്ചത്. സമാജം പ്രവർത്തകരായ ജോൺറോയിയും ജയനുമാണ് ഇയാൾ മലയാളിയാണെന്ന് തിരിച്ചറിഞ്ഞത്. വിഷ്ണുനഗർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും ചെയ്തു.
സമാജം ചെയർമാൻ വർഗ്ഗീസ് ഡാനിയേലുമായി ബന്ധപ്പെടുകയും തുടർന്ന് കേരളീയ സമാജം ഡോംബിവിലി പ്രവർത്തകരുടെ സഹായത്തോടെ ഇയാളെ പോലീസ് സ്റ്റേഷനിൽ എത്തിക്കുകയുമായിരുന്നു. അന്വേഷണത്തിൽ ഇയാളുടെ പേര് കുഞ്ഞുമൊയ്തീൻ എന്നാണെന്നും, തൃശ്ശൂർ സ്വദേശിയാണെന്നും കുറുക്കഞ്ചേരി, ജവാൻ റോഡ് ‘അമ്പാലത്ത്ഹൗസ്’ എന്നതാണ് വിലാസമെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഡൽഹിയിലെ സഹോദരിയുടെ വീട്ടിൽ പോയി തിരികെവരുകയാണെന്ന് ഇയാൾ പറയുന്നു എന്നാൽ മറ്റു കാര്യങ്ങൾ വ്യക്തമല്ലെന്ന് സമാജം ഭാരവാഹികൾ അറിയിച്ചു.
കുഞ്ഞുമൊയ്‌തീനെ അറിയാവുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ സമാജം ഭാരവാഹികളായ വർഗ്ഗീസ് ഡാനിയൽ (982002455), മത്തായി സിടി (8425909594) എന്നിവരുമായി ബന്ധപ്പെടാൻ താത്പര്യപ്പെടുന്നു.















