ചെന്നൈ ; ഇന്ത്യയുടെ സൂര്യദൗത്യത്തെ സ്വപ്നമായി കൊണ്ടു നടന്ന വനിത , തെങ്കാശി സ്വദേശിനി നിഗർ ഷാജി. ആദിത്യയുടെ പ്രോജക്ട് ഡയറക്ടർ.ഇതുവരെയുള്ള യാത്രയിലുടനീളം ദൗത്യം നയിച്ച മിടുക്കി . 1987ൽ ഐഎസ്ആർഒയിൽ ചേർന്ന നിഗർ ഇന്ത്യൻ റിമോട്ട് സെൻസിങ്, കമ്യൂണിക്കേഷൻ, ഇന്റർപ്ലാനറ്ററി സാറ്റലൈറ്റ് പ്രോഗ്രാമുകളിൽ വിവിധ ചുമതലകൾ വഹിച്ചിട്ടുണ്ട്.
ആദിത്യ പ്രവർത്തനം തുടങ്ങുന്നതോടെ രാജ്യത്തിന്റെ ഹീലിയോഫിസിക്സ് മേഖലയ്‌ക്കും (സൂര്യനുമായി ബന്ധപ്പെട്ട പഠനമേഖല) ആഗോള ശാസ്ത്രശാഖയ്‌ക്കും മുതൽക്കൂട്ടാകുമെന്നു നിഗർ ഷാജി പറഞ്ഞു.തമിഴ്‌നാട്ടിലെ ചെങ്കോട്ടയിൽ , കർഷകനായ ഷെയ്ഖ് മീരന്റെയും വീട്ടമ്മയായ സൈത്തൂൺ ബീവിയുടെയും മകളായാണ് ജനനം . തുടക്കം മുതൽ തന്നെ പുതിയ കാര്യങ്ങൾ പഠിക്കാൻ ആഗ്രഹമുണ്ടായിരുന്നു. അത് പിന്നീട് ഐഎസ്ആർഒയിലെ ബഹിരാകാശ ശാസ്ത്രജ്ഞയാകാൻ വരെ നിഗറിനെ സഹായിച്ചു.
ചെങ്കോട്ടയിലെ എസ്ആർഎം ഗേൾസ് സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം മധുര കാമരാജ് യൂണിവേഴ്സിറ്റിയിൽ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷനിൽ എഞ്ചിനീയറിംഗ് ബിരുദം നേടി. റാഞ്ചിയിലെ ബിഐടിയിൽ നിന്ന് ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം നേടി.
1987ൽ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ (ഷാർ) ചേർന്നു ആദിത്യ-എൽ1മിഷന്റെ മിഷൻ ഡയറക്ടറാകുന്നതിന് മുമ്പ് ബെംഗളൂരുവിലെ റാവു സാറ്റലൈറ്റ് സെന്ററിലുമുണ്ടായിരുന്നു .ഐഎസ്ആർഒയിൽ വനിതാ ശാസ്ത്രജ്ഞർക്ക് അനുകൂലമായ അന്തരീക്ഷമാണ് നിഗർ ഷാജി പറയുന്നു . ഇവിടെ അംഗീകാരം ലിംഗഭേദത്തേക്കാൾ മെറിറ്റിന്റെയും കഴിവുകളുടെയും അടിസ്ഥാനത്തിലാണെന്നും അവർ പറയുന്നു .















