മനുഷ്യരെ ഇത്തിൾക്കണ്ണികളുമായി ഉപമിക്കുന്നത് പലപ്പോഴും നാം കേട്ടിരിക്കും. ‘നീയെന്താ ഇത്തിൾക്കണ്ണിയാണോ എപ്പോഴും അവന്റെ കൂടെ നടക്കാൻ’ തുടങ്ങിയ വാക്കുകൾ എപ്പോഴെങ്കിലും നിങ്ങൾ കേട്ടിട്ടുണ്ടാകും. എന്താണ് ഈ ഇത്തിൾക്കണ്ണികളുടെ പ്രത്യേകത എന്നാവും നിങ്ങൾ ഇപ്പോൾ ആലോചിക്കുന്നത്? സസ്യങ്ങളിൽ പെട്ടെന്ന് പടർന്നു പിടിക്കുന്ന പരാദ സസ്യങ്ങളാണ് ഇത്തിൾക്കണ്ണികൾ. സസ്യങ്ങളിൽ നിന്നും ജലവും പോഷകഘടകളും വലിച്ചെടുത്ത് വളർന്നു പന്തലിക്കാനുള്ള കഴിവാണ് ഇവയുടെ പ്രത്യേകത. പ്ലാവ്, അരയാൽ തുടങ്ങിയ വൻമരങ്ങളിളുടെ ശിഖരങ്ങളിലും തായ്‌ത്തടികളിലും ആഴ്ന്നിറങ്ങുന്ന വേരുകളാണ് ഈ ചെടികൾക്കുള്ളത്. ഹസ്റ്റോറിയ എന്നാണ് ഇവയുടെ വേരുകൾ അറിയപ്പെടുന്നത്.
400-ൽ അധികം മരങ്ങളിൽ ഇവ പറ്റിപ്പിടിച്ച് വളരാറുണ്ട്. ചില ഇത്തിൾക്കണ്ണികൾ വൻ വൃക്ഷങ്ങളുടെ വേരുകളികലും പടരുന്നതാണ്. പക്ഷികളാണ് പ്രധാനമായും ഇവയുടെ വിത്തുവിതരണം നടത്തുന്നത്. ഇത്തരം ഇത്തിൾക്കണ്ണികൾ പടർന്നു പന്തലിക്കുന്നത് കണ്ടാൽ വേഗം നശിപ്പിക്കുന്നതാണ് മാതൃവൃക്ഷത്തിന്റെ വളർച്ചയ്‌ക്കും ചുറ്റുമുള്ള വൃക്ഷങ്ങളുടെ വളർച്ചയ്‌ക്കും നല്ലത്. ഇവയുടെ വേരുകൾ ആഴ്ന്നിറങ്ങിയ ഭാഗം കുഴിച്ചെടുത്ത് ഇവയെ വേരോടെ നീക്കം ചെയ്യുകയോ ഇത്തിൾക്കണ്ണി ബാധിച്ച ശിഖരങ്ങൾ മുറിച്ചു കളയുകയോ ചെയ്യാം. രണ്ടു ശതമാനം വീര്യമുള്ള 2,4-D എന്ന കുമിൾ നാശിനി ഇത്തിൾക്കണ്ണിയെ നശിപ്പിക്കാനായി ഉപയോഗിക്കാം.