തിരുവനന്തപുരം: തെരുവുനായ്ക്കളുടെ ആക്രമണത്തിൽ 8 വയസുകാരന് ഗുരുതര പരിക്ക്. പുതിയതുറ സ്വദേശികളായ ശിലുവയ്യൻ- അജിത ദമ്പതികളുടെ മകൻ സ്റ്റിജോ എന്ന നാലാം ക്ലാസ് വിദ്യാർത്ഥിക്കാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് എസ്എടി ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. സ്കൂൾ വിട്ടെത്തിയ കുട്ടി പുതിയതുറ ബീച്ച് റോഡിലേക്ക് കടക്കുമ്പോഴാണ് നായ്ക്കൂട്ടം വളഞ്ഞിട്ട് ആക്രമിച്ചത്. നായകളുടെ കടിയേറ്റ് കുട്ടിയുടെ കാലിൽ നിന്നും മാംസം അടർന്നു. മത്സ്യത്തൊഴിലാളികളാണ് കുട്ടിയെ നായ്ക്കളിൽ നിന്നും രക്ഷപ്പെടുത്തിയത്.