കോഴിക്കോട്: പൊതുസ്ഥലത്ത് വച്ച് മദ്യപിക്കുകയും അത് ചോദ്യം ചെയ്ത പോലീസുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാക്കളിൽ ഒരാൾ പിടിയിൽ. കരുവിശ്ശേരി മുണ്ടിയാടി സ്വദേശി നിഖിൽ ആണ് പിടിയിലായത്. മദ്യപിച്ചെത്തിയ യുവാക്കൾ ബഹളമുണ്ടാക്കുന്നുവെന്ന പരാതി അന്വേഷിക്കാനെത്തിയ പോലീസുകാരെയാണ് യുവാക്കൾ ഭീഷണിപ്പെടുത്തിയത്. ഇന്നലെ രാത്രി കോഴിക്കോട് ഈസ്റ്റ്ഹിൽ ഫിസിക്കൽ എജ്യുക്കേഷൻ ക്വാട്ടേഴ്‌സിനു സമീപമാണ് സംഭവം നടന്നത്.
രാത്രി 10 മണിയോടെയാണ് പോലീസിന് പരാതി ലഭിച്ചത്. ഇത് അന്വേഷിക്കാനെത്തിയ പോലീസുകാരോട് യുവാക്കൾ മോശമായി പെരുമാറി. യുവാക്കളിൽ ഒരാളുടെ മുഖത്ത് മുറിവേറ്റ നിലയിലായിരുന്നു. മദ്യപസംഘത്തെ പിടികൂടാൻ പോലീസ് ശ്രമിച്ചപ്പോൾ സർക്കാർ തന്ന സാധനം ബീവറേജിൽ പോയി ക്യൂ നിന്ന് പണം കൊടുത്താണ് വാങ്ങി കഴിക്കുന്നത്. അതിൽ നിങ്ങൾക്കെന്താണ് പ്രശ്‌നമെന്നായിരുന്നു യുവാക്കളുടെ മറുപടി. സംഘർഷ സാഹചര്യം പിന്നീടും നിലനിന്നതിനാൽ കൂടുതൽ പോലീസുകാർ സംഭവസ്ഥലത്തെത്തുകയായിരുന്നു. കൂടുതൽ പോലീസുകാരെ കണ്ട യുവാക്കൾ ഓടി രക്ഷപ്പെട്ടെങ്കിലും പിന്നീട് ഒരാളെ പിന്തുടർന്ന് പിടികൂടി. ഓടി രക്ഷപ്പെട്ട നാല് യുവാക്കൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.















