ഗൂഡല്ലൂർ: തമിഴ്‌നാട് പന്തല്ലൂരിൽ അമ്മയുടെ കയ്യിൽ നിന്നും മൂന്നു വയസുകാരിയെ പുലി കടിച്ചുകൊന്ന സംഭവത്തിൽ റോഡ് ഉപരോധിച്ച് നാട്ടുകാർ. ഊട്ടി- കോഴിക്കോട് റോഡ് ഉപരോധിച്ചാണ് നാട്ടുകാർ പ്രതിഷേധം ശക്തമാക്കുന്നത്. പ്രതിഷേധത്തിൽ കുഞ്ഞിന്റെ അമ്മയും വീട്ടുകാരും പങ്കുച്ചേർന്നിട്ടുണ്ട്. കുഞ്ഞിനെ തന്റെ കയ്യിൽ നിന്നാണ് പുലി കടിച്ചെടുത്ത് കൊണ്ടുപോയതെന്നും പ്രതിഷേധം അവസാനിപ്പിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും കുഞ്ഞിന്റെ അമ്മ മിലന്ദി ദേവി ആരോപിച്ചു. റോഡ് ഉപരോധിച്ച പ്രതിഷേധക്കാർ വഴിയരികിലിരുന്ന് ഭക്ഷണവും പാകം ചെയ്ത് കഴിക്കുന്നുണ്ട്.
മൂന്നു വയസുകാരിയെ കൊലപ്പെടുത്തിയതിനു പിന്നാലെ ഇന്നലെയും പുലി ഒരു യുവതിയെ ആക്രമിച്ചിരുന്നു. ഡിസംബർ പകുതി മുതൽ ജനുവരി വരെയുള്ള കാലയളവിൽ 6 പേരാണ് പുലിയുടെ ആക്രമണത്തിന് ഇരയായത്. ഇതിൽ രണ്ട് പേർ മരണപ്പെടുകയും ചെയ്തു. പുലിയെ മയക്കുവെടി വച്ചെങ്കിലും ഇതിനെ കൊല്ലണമെന്നാണ് നാട്ടുകാരുടെ ആവശ്യം.















