ന്യൂഡൽഹി: യുകെ സന്ദർശിക്കാനൊരുങ്ങി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ബ്രിട്ടീഷ് പ്രതിരോധ മന്ത്രി ഗ്രാന്റ് ഷാപ്സുമായി കൂടിക്കാഴ്ച നടത്തുന്നതിനും പ്രതിരോധം, സുരക്ഷാ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനുമാണ് രാജ്നാഥ് സിംഗ് യുകെ സന്ദർശിക്കുന്നത്. ദ്വിദിന സന്ദർശനത്തിനായി അദ്ദേഹം നാളെ യുകെയിലേക്ക് തിരിക്കും.
പ്രതിരോധം, സുരക്ഷാ, സഹകരണം, വ്യാവസായം തുടങ്ങിയ വിഷയങ്ങളിൽ രാജ്നാഥ് സിംഗും, ഗ്രാന്റ് ഷാപ്സുമായി നിരവധി ചർച്ചകൾ നടക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളെ കുറിച്ചും നടപടികളെ കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്യും. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കുമായും രാജ്നാഥ് സിംഗ് കൂടിക്കാഴ്ച നടത്തും.
യുകെ പ്രതിരോധ മന്ത്രാലയത്തിലെ സിഇഒമാരുമായും വ്യവസായ പ്രമുഖരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. യുകെയിലെ ഇന്ത്യൻ സമൂഹവുമായി രാജ്നാഥ് സിംഗ് സംവദിക്കും. അടുത്തിടെ ബ്രിട്ടീഷ് പ്രധാനമന്ത്രിയും രാജ്നാഥ് സിംഗും തമ്മിൽ ഇൻഡോ-പസഫിക് മേഖലയിലെ സുരക്ഷാ പ്രശ്നങ്ങൾ ചർച്ച ചെയ്തിരുന്നു.