അഞ്ചാം പാതിര പ്രതീക്ഷിച്ച് ആരും ഓസ്‍ലർ കാണാൻ വരേണ്ടന്ന് സംവിധായകൻ മിഥുൻവാനുവൽ. അടുത്ത് ചെയ്യാൻ ഉദ്ദേശിക്കുന്ന സിനിമയെക്കുറിച്ചും മിഥുൻ മാനുവൽ പറഞ്ഞു. ഓസ്‍ലർ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലായിരുന്നു ഇക്കാര്യങ്ങൾ പറഞ്ഞത്.
‘അഞ്ചാം പാതിര പ്രതീക്ഷിച്ച് ആരും ഓസ്‍ലർ കാണാൻ വരേണ്ട. അങ്ങനെ വരുന്നവർ നിരാശരാകും. ഞാൻ ഇനി അഞ്ചാം പാതിര പോലൊരു സിനിമ ചെയ്യില്ല. ചെയ്യുകയാണെങ്കിൽ ഇനി ആറാം പാതിര മാത്രമേയുള്ളൂ. ഇല്ലെങ്കിൽ സ്വയം ആവർത്തിക്കുന്ന സംവിധാനത്തിലേക്ക് പോയി ചാടും.
ഓസ്‍ലർ സിനിമയെക്കുറിച്ച് നമ്മൾ ഇങ്ങനെയൊക്കെ സംസാരിക്കുന്നത് മറ്റൊന്നും കൊണ്ടല്ല. ട്രെയിലർ ഇങ്ങനെയാണ്, നമ്മുടെ സിനിമ ഈ സ്വഭാവത്തിലുള്ളതാണ് എന്നൊക്കെ പറയുന്നത് മറ്റൊന്നും കൊണ്ടല്ല. തെറ്റായ ധാരണയും കൊണ്ട് ഒരു പ്രേക്ഷകനും തീയേറ്ററിലേക്ക് വരരുത് എന്നെനിക്കുണ്ട്.
സംവിധാന മേഖലയിൽ നമുക്കൊരു സ്വയം പുതുക്കൽ അല്ലേ… വേണ്ടത്?… പലതും പരീക്ഷിച്ച് നോക്കുമ്പോഴാണ് നമ്മുടെ ഒരു ക്രിയേറ്റീവ് ഏരിയ അല്ലെങ്കിൽ ഒരു ക്രാഫ്റ്റ് എന്ന് പറയുന്നത് നമുക്ക് എക്സ്പ്ലോർ ചെയ്യാൻ പറ്റുന്നത്. നമ്മൾ സിനിമയെക്കുറിച്ച് പറയുമ്പോൾ പ്രേക്ഷകർ അത് കൃത്യമായി മനസിലാക്കിയിരിക്കണം. ഇനിയുള്ള സിനിമകൾ എല്ലാം അങ്ങനെ തന്നെയാണ് മാർക്കറ്റ് ചെയ്യാൻ പോകുന്നത്.’- മിഥുൻ മാനുവൽ പറഞ്ഞു.















