ന്യൂഡൽഹി: കേരളത്തെ ഞെട്ടിച്ച കൂടത്തായി കൂട്ട കൊലപാതക കേസിൽ കുറ്റവിമുക്തയാക്കണമെന്ന് ജോളി ജോസഫ്. കേസിൽ തെളിവില്ലെന്ന വാദവുമായി ജോളി സുപ്രീംകോടതിയെ സമീപിച്ചു. ഹർജി കോടതി ഇന്ന് പരിഗണിക്കും.
2011 മുതലാണ് ജോളി കൊലപാതങ്ങൾ നടത്തിയത്. ഭർത്താവ് ഉൾപ്പെടെ കുടുംബത്തിലെ ആറ് പേരെയാണ് സയനൈഡ് കലർത്തി കൊലപ്പെടുത്തിയത്. ഭർത്താവ് റോയ് തോമസിന്റെ മരണത്തിന് പിന്നാലെ സഹോദരന് തോന്നിയ സംശയമാണ് സംഭവങ്ങളുടെ ചുരുളഴിച്ചത്. സ്വത്ത് തട്ടിയെടുക്കാൻ തയാറാക്കിയ വ്യാജ ഒസ്യത്തും അതുമായി ബന്ധപ്പെട്ടു നൽകിയ പരാതിയാണ് മരണങ്ങളായി അവശേഷിക്കുമായിരുന്ന മരണങ്ങൾ കൊലപതാകമെന്ന് തെളിഞ്ഞത്. റോയിയുടെ അമ്മയ്‌ക്ക് ആട്ടിൻ സൂപ്പിൽ വളം കലക്കി കൊടുത്തും, മറ്റുള്ളവർക്ക് ഭക്ഷണത്തിലും വെള്ളത്തിലും സയനൈഡ് കലക്കി കൊടുത്ത് കൊലപ്പെടുത്തിയതും ജോളിയാണെന്ന് തന്നോട് പറഞ്ഞതായി മകൻ റെമോ പറഞ്ഞിരുന്നു.
2002-ലാണ് ആദ്യ കൊലപാതകം. ആട്ടിൻ സൂപ്പ് കഴിച്ച അന്നമ്മ തോമസ് കുഴഞ്ഞു വീണു മരിച്ചു. ആറ് വർഷത്തിന് ശേഷം അന്നമ്മയുടെ ഭർത്താവ് ടോം തോമസ്, മൂന്ന് വർഷത്തിന് ശേഷം ഇവരുടെ മകൻ റോയി തോമസും മരിച്ചു. നാലാമത്തെ മരണം അന്നമ്മ തോമസിന്റെ സഹോദരൻ എംഎം മാത്യുവിന്റേത് ആയിരുന്നു. തൊട്ടടുത്ത മാസം ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ ഒരു വയസുള്ള മകൾ ആൽഫൈൻ മരിച്ചു. 2016-ൽ ഷാജുവിന്റെ ഭാര്യ സിലിയും മരിച്ചു. ഇതിൽ റോയ് തോമസിന്റെ മരണമാണ് സംശയത്തിനിടയാക്കിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയെങ്കിലും ആത്മഹത്യയാണെന്നായിരുന്നു നിഗമനം.
വടകര റൂറൽ എസ്.പിക്ക് വ്യാജ ഒസ്യത്തുമായി ബന്ധപ്പെട്ട് പരാതി നൽകിയിരുന്നു. റൂറൽ എസ്പി കെജി സൈമണിന്റെ നേതൃത്വത്തിൽ മൂന്ന്
മാസമായി നടന്ന അന്വേഷണത്തിന് ഒടുവിൽ കല്ലറകൾ തുറന്നു മൃതദേഹങ്ങൾ പുറത്തെടുത്ത് പരിശോധിച്ചു. തുടർന്ന് 2019-ലാണ് ജോളിയെ അറസ്റ്റ് ചെയ്യുന്നത്.
പിന്നാലെ ജോളിക്കായി സയനൈഡ് ശേഖരിച്ച സൃഹൃത്ത് എംഎസ് മാത്യു, സയനൈഡ് നൽകിയ സ്വർണ്ണപ്പണിക്കാരൻ പ്രിജുകുമാർ എന്നിവരും അറസ്റ്റിലായി. സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയത് റോയ് തോമസിന്റെ ശരീരത്തിൽ നിന്നായിരുന്നു. ആറു കേസുകളിലും കുറ്റപത്രം സമർപ്പിച്ചു. ഇതിൽ അഞ്ചുമരണങ്ങളും സയനൈഡ് ഉള്ളിൽ ചെന്നാണെന്നാണു കുറ്റപത്രം. കേസിൽ ഇതുവരെ അഞ്ച് പേരാണ് കൂറുമാറിയത്.















