ലക്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രദർശിപ്പിച്ച യുവാവ് അറസ്റ്റിൽ. ഹാജി റാവു ജംഷീദ് എന്നയാളെയാണ് ഷാംലി ജില്ലയിലെ ഭവൻ പോലീസ് അറസ്റ്റ് ചെയ്തത്.
പ്രധാനമന്ത്രിയുടെ മോർഫ് ചെയ്ത ചിത്രങ്ങളടങ്ങിയ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതായി പരാതി ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വനിതാ രാഷ്‌ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ ചിത്രങ്ങൾ മോർഫ് ചെയ്തതായി കണ്ടെത്തി. തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഐപിസി, ഐടി ആക്ട് എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.
നേരത്തെ യോഗി ആദിത്യനാഥിന് നേരെ ബോംബ് ഭീഷണി മുഴക്കിയല രണ്ട് പേരെ യുപി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ലക്നൗവിലെ ഗോമതി നഗർ സ്വദേശികളായ തഹർസിംഗ്, ഓം പ്രകാശ് എന്നിവരെയാണ് യുപി സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സ് സംഘം പിടികൂടിയത്. രാമക്ഷേത്രം തകർക്കുമെന്നും എക്സിലൂടെ ഇവർ ഭീഷണി മുഴക്കിയിരുന്നു.