ഒരു നായയോ ഒരു പൂച്ചയോ ഇല്ലാത്ത വീടുകൾ ചുരുക്കമായിരിക്കും. വളർത്തു മൃഗങ്ങളോടുള്ള മനുഷ്യന്റെ അളവറ്റ സ്‌നേഹത്തിന്റെ നിരവധി ഉദാഹരണങ്ങളാണ് നമുക്ക് മുന്നിൽ പ്രതിഫലിക്കുന്നത്. നിരവധി മൃഗസ്‌നേഹികളാണ് നമുക്ക് ചുറ്റുമുള്ളത്. ഇതിൽ തന്നെ നായകളെ ഇഷ്ടപ്പെടുന്നവരായിരിക്കും പലരും. ഇങ്ങനെയുള്ള നായ്‌പ്രേമികൾക്ക് ഒത്തുകൂടാൻ ഒരിടം ലഭിച്ചാലോ? വെറുതെ ഒത്തുകൂടാൻ അല്ല, നിങ്ങളുടെ നായകളുമായി ഒത്തുകൂടാൻ അവസരം ലഭിച്ചാൽ എങ്ങനെയിരിക്കും? അങ്ങനെയൊരു കഫേയ്‌ക്ക് പദ്ധതിയിടുകയാണ് ഇംഗ്ലണ്ടിലെ ‘പപ്പ് അപ്പ്’ കഫേ.
അടുത്ത മാസം 18-ാം തീയതിയോടെയാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. വളർത്തു നായ്‌ക്കൾക്കൊപ്പം അവരുടെ ഉടമകൾക്കും കണ്ടുമുട്ടാനുള്ള അവസരം ഒരുക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഏകദേശം 300-ലധികം നായ്‌ക്കളെയും അവരുടെ ഉടമകളെയും ഉൾക്കൊള്ളിക്കുന്ന രീതിയിലാണ് കഫേയുടെ നിർമ്മാണം. നായ്‌ക്കൾക്കായി നിരവധി ആക്റ്റിവിറ്റീസുകളും, ഷോകളും ഇവിടെ ഒരുക്കും. മറ്റു ബ്രീഡുകളിലുള്ള നായ്‌ക്കളെ കുറിച്ച് അറിയാനും മറ്റു നായ്‌ക്കളുടെ ഉടമകളെ പരിചയപ്പെടാനുമുള്ള ഒരു അവസരം കൂടി ഒരുക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം.