ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെ ഗൂഗിളിൽ താരമായി ലക്ഷദ്വീപ് തുരുത്ത്. ഗൂഗിളിൽ ലക്ഷദ്വീപ് തിരയുന്നവരുടെ എണ്ണം കുതിച്ചുയരുന്നതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ 20 വർഷത്തിനിടെ ഇതാദ്യമായാണ് ഇത്രയധികം പേർ ലക്ഷദ്വീപ് തിരയുന്നത്.

ജനുവരി രണ്ടിനാണ് പ്രധാനമന്ത്രി ലക്ഷദ്വീപ് സന്ദർശിച്ചത്. ഇതിന്റെ ചിത്രങ്ങൾ അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. നിർമ്മലമായ നീലാകാശത്തിന്റെയും സൗന്ദര്യമാർന്ന സമുദ്രത്തിന്റെയും ചിത്രങ്ങൾ വലിയ തോതിൽ സമൂഹമാദ്ധ്യമ ലോകത്ത് തരംഗം സൃഷ്ടിച്ചു.

ലക്ഷദ്വീപ് സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രിക്കും ഭാരതിയർക്കുമെതിരെയുള്ള മാലിദ്വീപ് മന്ത്രിമാരുടെ അധിക്ഷേപം കൂടിയായപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ലക്ഷദ്വീപ് തിരയുന്നവരുടെ എണ്ണം കുതിച്ചുയർന്നു.
പ്രധാനമന്ത്രിക്കെതിരെ മാലിദ്വീപിലെ മന്ത്രിമാർ നടത്തിയ അപകീർത്തികരമായ പരമാർശം വിവാദമായതിന് പിന്നാലെ കഴിഞ്ഞ ദിവസം മാലിദ്വീപ് മന്ത്രിമാരെ സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. മറിയം ഷിയുന, മൽഷ, ഹസൻ സിഹാൻ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. മന്ത്രിമാരെ താക്കീത് ചെയ്തുക്കൊണ്ടാണ് മാലിദ്വീപ് സർക്കാർ ഉത്തരവിറക്കിയത്.
















