ഡൽഹി: കർഷകരുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കാൻ കേന്ദ്ര സർക്കാർ എല്ലാവിധ ശ്രമങ്ങളും നടത്തിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കിസാൻ സമ്മാൻ നിധിക്ക് കീഴിൽ ഗുണഭോക്താക്കൾക്ക് ഇതുവരെ 30,000 കോടി രൂപ ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കർഷകരുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻകാല സർക്കാരുകൾ ശ്രമിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.’വിക്ഷിത് ഭാരത് സങ്കൽപ് യാത്ര’യുടെ ഗുണഭോക്താക്കളുമായി വീഡിയോ കോൺഫറൻസിംഗിലൂടെ സംവദിക്കുകയായിരുന്നു നരേന്ദ്രമോദി.
“വിക്ഷിത് ഭാരത് സങ്കൽപ് യാത്ര ആരംഭിച്ചതിന് ശേഷം ഉജ്ജ്വല പദ്ധതിക്ക് കീഴിൽ 12 ലക്ഷത്തോളം പേർ സൗജന്യ ഗ്യാസ് കണക്ഷനുകൾക്കായി അപേക്ഷിച്ചു. ഈ യാത്രയിൽ 2 കോടിയിലധികം ആരോഗ്യ പരിശോധനകൾ നടത്തി. ഒരു കോടിയോളം ആളുകൾ പരിശോധനയിൽ പങ്കെടുത്തു. ഇതേ കാലയളവിൽ ക്ഷയരോഗ പരിശോധനയും നടത്തിയിട്ടുണ്ട്. നമ്മുടെ രാജ്യത്ത് കർഷകരെക്കുറിച്ചും കാർഷിക നയത്തെക്കുറിച്ചും ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ മുൻ സർക്കാരുകൾ ഇതിനൊന്നും ശ്രമിച്ചിട്ടില്ല.
കർഷകരുടെ ശാക്തീകരണത്തെക്കുറിച്ചുള്ള സംസാരം വിളകളുടെ ഉൽപാദനത്തിലും ഉൽപ്പന്നങ്ങളുടെ വിൽപ്പനയിലും മാത്രമായി മുൻ സർക്കാരുകൾ പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ കർഷകൻ തന്റെ ദൈനംദിന ജീവിതത്തിൽ ധാരാളം പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നു. അതിനാൽ കർഷകരുടെ എല്ലാ ബുദ്ധിമുട്ടുകളും ലഘൂകരിക്കാൻ ഞങ്ങളുടെ സർക്കാർ എല്ലാവിധ ശ്രമങ്ങളും നടത്തി. ചുരുങ്ങിയ സമയത്തിനുള്ളിൽ 11 കോടി ജനങ്ങളാണ് ‘വിക്ഷിത് ഭാരത് സങ്കൽപ് യാത്ര’യിൽ പങ്കെടുത്തത്.
ഈ യാത്ര സർക്കാരിന്റെ മാത്രമല്ല, രാജ്യത്തിന്റെയും കൂടിയാണ്. ഇത് സ്വപ്നങ്ങളുടെയും, അഭിലാഷങ്ങളുടെയും, പ്രതീക്ഷകളുടെയും, പ്രമേയങ്ങളുടെയും യാത്രയാണ്. സമൂഹത്തിലെ അവസാനത്തെ ആളിലേക്ക് എത്താനും അവനെ തങ്ങളുമായി ബന്ധിപ്പിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നത്. വികാസ് ഭാരത് സങ്കൽപ് യാത്രയുടെ ഏറ്റവും വലിയ ലക്ഷ്യം, ഒരു സർക്കാർ പദ്ധതിയുടെയും ആനുകൂല്യങ്ങളിൽ നിന്ന് അർഹരായ ആരും വിട്ടുപോകരുത് എന്നതാണ്. അതിനാൽ, ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ദരിദ്രരിലും സ്ത്രീകളിലും കർഷകരിലും യുവാക്കളിലുമാണ്”- പ്രധാനമന്ത്രി പറഞ്ഞു.