ന്യൂഡൽഹി: വികസിത് സാങ്കൽപ് യാത്രയിൽ ഇതുവരെ 11 കോടി ആളുകളുടെ പങ്കാളിത്തമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സർക്കാർ പദ്ധതികൾ നൽകുന്ന നേട്ടങ്ങളുമായി ബന്ധപ്പെട്ട ജനങ്ങളിൽ അവബോധം വർദ്ധിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ക്ഷേമ പദ്ധതികൾ പരിധികളില്ലാതെ സമൂഹത്തിന്റെ അടിത്തട്ടിലേക്ക് വരെ എത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഡിലെ കാങ്കർ ജില്ലയിൽ ഗുണഭോക്താക്കളുമായി വീഡിയോ കോൺഫറനസിംഗിലൂടെ സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി.
ക്ഷേമ പദ്ധതികൾ എല്ലാവരിലേക്കും എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി ജനസമ്പർക്ക പ്രവർത്തനങ്ങൾ സഹായിക്കുന്നുണ്ടെന്നും സംസ്ഥാനത്ത് വിവിധ പദ്ധതികൾ നടപ്പാക്കുന്നതിൽ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. വൻധൻ വികാസ് കേന്ദ്രങ്ങൾ വഴി വനവാസി സ്ത്രീകളെ ശാക്തീകരിക്കാൻ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. വനവിഭവങ്ങൾ ഉപയോഗിച്ച് ഉപയോഗപ്രദമായ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന സ്ത്രീകളിലൊരാളായ ഭൂമിക ജൗര്യയുമായി പ്രധാനമന്ത്രി സംവദിച്ചു.
ഛത്തീസ്ഗഡിലെ വനവാസി വനിതകൾ സ്വയം പര്യാപ്തരായി മാറുകയാണെന്നും വനവിഭവങ്ങൾ ശേഖരിച്ച് തനതായ ഉത്പന്ന നിർമ്മാണത്തിലും മഹുവ ലഡു,നെല്ലിക്ക അച്ചാർ എന്നിവയുടെ നിർമ്മാണത്തിൽ 29 ഗ്രൂപ്പുകളാണ് ഏർപ്പെട്ടിരിക്കുന്നത്. 700 രൂപ നിരക്കിലാണ് മഹുവ ലഡു വിറ്റഴിക്കപ്പെടുന്നത്. ഗ്രൂപ്പുകളുടെ നേട്ടങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.















