ബെംഗളൂരു: കർണാടകയിലെ വിജയനഗറിൽ മലിനജലം കുടിച്ച് ഒരു സ്ത്രീ മരിക്കുകയും 35 പേർ രോഗബാധിതരാവുകയും ചെയ്ത സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. ടൗൺ മുൻസിപ്പാലിറ്റി കമ്മീഷണർ ബന്ദി വദ്ദർ, അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയർ സതീഷ്, ജൂനിയർ എഞ്ചിനീയർ ഖാജി എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻ കരുതലുകൾ സ്വീകരിക്കുമെന്ന് ന്യൂനപക്ഷ ക്ഷേമ മന്ത്രി സമീർ അഹമ്മദ് ഖാൻ അറിയിച്ചു.
കർണാടകയിലെ ഹോസ്‌പേട്ട് ടൗൺ മുനിസിപ്പാലിറ്റിയിലെ കരിഗനൂർ വാർഡിലാണ് സംഭവം. ഇത്തരം പ്രശ്‌നങ്ങൾ സ്ഥിരം നേരിടുന്നതാണെന്നും അധികൃതർ പ്രശ്‌നം പരിഹരിക്കുന്നതിൽ ശ്രദ്ധ ചെലത്തുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു. കുടിവെള്ളം ഒഴുകുന്ന ഭൂഗർഭ ഡ്രെയിനേജ് സംവിധാനങ്ങളുടെ വൃത്തിയാക്കലുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തുമെന്നാണ് അധികൃതരുടെ വാദം. ഇതിനു മുമ്പും കർണാടകയിൽ മലിനജലം കുടിച്ച് നിരവധി പേർ രോഗബാധിതരായിട്ടുണ്ട്. മൊറാർജി ദേശായി റസിഡൻഷ്യൽ സ്‌കൂളിൽ മലിനജലം കുടിച്ച് മൂന്ന് വിദ്യാർത്ഥികൾക്ക് അസുഖം ബാധിച്ച സംഭവം മുൻപ് വിവാദമായിരുന്നു.















