കുറഞ്ഞ ചെലവിൽ അടിപൊളി സ്ഥലങ്ങൾ കണ്ട് ആസ്വദിക്കാൻ ഒരവസരം കിട്ടിയാൽ ആരാണ് പോവാതിരിക്കുക അല്ലേ. അത്തരത്തിലൊരിടമാണ് ലക്ഷദ്വീപ്. അതിശയിപ്പിക്കുന്ന വിധത്തിലുള്ള കാഴ്ചകളാണ് ലക്ഷദ്വീപ് ഓരോരുത്തർക്കുമായി ഒരുക്കിയിരിക്കുന്നത്.
കേരളവുമായി ഏറെ അടുപ്പമുള്ളയിടമാണ് ലക്ഷദ്വീപ്. എന്നാൽ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്നത് പോലെയല്ല, ഇവിടെ എത്താൻ സാധിക്കുക. പെർമിറ്റ് എടുക്കലാണ് ആദ്യപടി. എറണാകുളം വെല്ലിംഗ്ടൺ ഐലൻഡിലുള്ള ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിൽ നിന്ന് നേരിട്ട് പെർമിറ്റ് എടുക്കാൻ സാധിക്കും. സ്പോൺസറുടെ സത്യവാങ്മൂലവുമായി വേണം ഇവിടെ എത്താൻ. ലക്ഷദ്വീപിൽ സ്ഥിര താമസമുള്ള ഒരാൾ, ‘ഞാൻ ഇദ്ദേഹത്തെ ലക്ഷദ്വീപിലേക്ക് ക്ഷണിക്കുന്നു’ എന്ന സത്യവാങ്മൂലമാണ് സമർപ്പിക്കേണ്ടത്. 15 ദിവസത്തെ പെർമിഷനാണ് സഞ്ചാരിക്ക് ലഭിക്കുക.
സ്‌പോൺസർ ചെയ്യാൻ തയ്യാറാകുന്ന വ്യക്തി അവിടുത്തെ ജില്ലാ പഞ്ചായത്തിൽ പേരും തിരിച്ചറിയൽ കാർഡും ഫോട്ടോയും ചെലാനും അടച്ച് അപേക്ഷിക്കണം. അപേക്ഷിച്ചതിന് ശേഷം ഒരുമാസം കഴിഞ്ഞുള്ള തീയതി സന്ദർശനത്തിനായി നൽകും. അടുത്തതായി വേണ്ടത് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റാണ്. തന്റെ പേരിൽ യാതൊരുവിധ കേസുകളുമില്ലെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റിനാണ് അപേക്ഷിക്കേണ്ടത്. ഫോട്ടോ, മേൽവിലാസം തെളിക്കുന്ന രേഖയുടെ കോപ്പി എന്നിവയുമായാണ് അപേക്ഷിക്കേണ്ടത്.
ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിച്ചാൽ പെർമിറ്റ് എടുക്കാവുന്നതാണ്. പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് പുറമേ മേൽവിലാസം തെളിയിക്കുന്ന രേഖ, തിരിച്ചറിയൽ കാർഡ്, ഫോട്ടോ, രണ്ട് അയൽവാസികളുടെ മേൽവിലാസം, ഡിക്ലറേഷൻ ഫോം എന്നിവ കൈയിൽ കരുതേണ്ടതാണ്. മൂന്നാമതായി ലക്ഷദ്വീപ് കാണാൻ ആഗ്രഹിക്കുന്നുവെന്ന് കാണിക്കുന്ന അപേക്ഷ കൂടി സമർപ്പിക്കേണ്ടതാണ്. അപേക്ഷയ്‌ക്കൊപ്പം 200 രൂപയുടെ ഹെറിറ്റേജ് ഫീസും അടയ്‌ക്കണം. പെർമിറ്റ് ലഭിക്കുന്ന മുറയ്‌ക്ക് ധൈര്യമായി ടിക്കറ്റെടുത്തോളൂ.
കപ്പൽ മാർഗവും വിമാന മാർഗവും ലക്ഷദ്വീപിലെത്താം. ചെലവ് കുറഞ്ഞ വഴിയാമ് നോക്കുന്നതെങ്കിൽ കപ്പൽ മാർഗമാണ് നല്ലത്. പക്ഷേ കൂടുതൽ സമയമെടുക്കുമെന്നത് ശ്രദ്ധിക്കണം. കപ്പൽ മാർഹഗമെത്താൻ 16 മുതൽ 18 മണിക്കൂർ വരെ എടുക്കും. കൊച്ചിയിൽ നിന്നും ബേപ്പൂരിൽ നിന്നും ലക്ഷദ്വീപിലേക്ക് കപ്പലുണ്ട്. ഫസ്റ്റ് ക്ലാസ്, സെക്കൻഡ് ക്ലാസ്, ബങ്ക് ക്ലാസ് എന്നിങ്ങനെ ബജറ്റ് അനുസരിച്ച് ക്ലാസ് തിരഞ്ഞെടുക്കാവുന്നതാണ്. വിമാന മാർഗമാണ് പോകുന്നതെങ്കിൽ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യ സർവീസ് നടത്തുന്നുണ്ട്. അഗത്തി വിമാനത്താവളത്തിൽ വിമാനമിറങ്ങാവുന്നതാണ്. ഒന്നര മണിക്കൂർ മാത്രമാണ് കൊച്ചിയിൽ നിന്ന് അഗത്തിയിലെത്താൻ വേണ്ടത്. ഇവിടെ എത്തിയാൽ ഓരോ ദ്വീപിലേക്കും കപ്പൽ മാർഗം യാത്ര ചെയ്യാവുന്നതാണ്. ബോർഡിംഗ് പാസ് കാണിച്ച് ടിക്കെടുത്താൽ യാത്ര പുറപ്പെടാവുന്നതാണ്.
ദ്വീപിൽ പ്രവേശിക്കുന്നതോടെ എൻട്രി സീൽ പതിപ്പിക്കണം. തിരിച്ചറിയൽ കാർഡിന്റെ പകർപ്പും പെർമിറ്റുമായി ദ്വീപ് പോലീസ് സ്റ്റേഷനിലെത്തിയാണ് ഇത് ചെയ്യേണ്ടത്. മടങ്ങുന്നതിന് മുൻപായി എക്സിറ്റ് സാലും പതിപ്പിക്കണം. അടിത്തട്ട് വരെ കണ്ട് ആസ്വദിക്കാൻ അനുവദിക്കുന്ന കടലും പവിഴപ്പുറ്റുമാണ് പ്രധാന ആകർഷണം. കടലിലെ സാഹസിക വിനോദങ്ങൾ ആസ്വദിക്കുന്നവർക്കും ലക്ഷദ്വീപിലേക്ക് സ്വാഗതം.















