മലപ്പുറം: ജനങ്ങളെ ഭീതിയിലാക്കി നിലമ്പൂരിൽ വീണ്ടും കരടി ഇറങ്ങി. നിലമ്പൂർ പൂക്കോട്ടുംപാടത്താണ് ജനവാസ മേഖലയിൽ കരടിയിറങ്ങിയത്. കഴിഞ്ഞ ദിവസം രാത്രി 11-ഓടെയാണ് നാട്ടുകാർ കരടിയെ കണ്ടത്. തേൻകൃഷി ചെയ്യുന്ന റബ്ബർ തോട്ടത്തിലാണ് കരടിയിറങ്ങിയതത്.
ഒരു മാസമായി പ്രദേശത്ത് കരടിയുടെ സാന്നിധ്യമുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. റബ്ബർ തോട്ടത്തിൽ തേൻകൃഷിയുള്ളതിനാൽ ഓരോ തവണയും കരടി സ്ഥലത്തെത്തി തേൻ പെട്ടികൾ തകർക്കുകയും തേൻ കുടിക്കുകയും ചെയ്യുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു.
കരടിയെ കണ്ട ഉടനെ നാട്ടുകാർ വനംവകുപ്പിനെ വിവരമറിയിച്ചെങ്കിലും ഉദ്യോഗസ്ഥർ രാത്രി എത്തിയില്ലെന്ന പരാതിയും ഉയരുന്നുണ്ട്. കരടിയുടെ ദൃശ്യങ്ങൾ നാട്ടുകാർ പകർത്തിയിട്ടുണ്ട്. രാത്രി കാലങ്ങളിൽ പ്രദേശത്ത് കരടിയിറങ്ങുന്നതിനാൽ നാട്ടുകാർ ഭീതിയിലാണ്. സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിവരികയാണ്.