ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യ ചെയർമാൻ ലളിത് മോദിക്കെതിരെ ഗുരുതര ആരോപണവുമായി ഇന്ത്യൻ മുൻതാരം പ്രവീൺകുമാർ. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നിരവധി വിവാദ പ്രസ്താവനകൾ മുൻ പേസർ നടത്തിയത്. ഇതിലൊന്നാണ് ലളിതിനെതിരെ. തന്റെ കരിയർ അവസനിപ്പിക്കുമെന്ന് ലളിത് ഐപിഎൽ ആദ്യ സീസണിൽ ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് ആരോപണം.അന്ന് എനിക്ക് ആർസിബിക്ക് കളിക്കാൻ എനിക്ക് താത്പ്പര്യമുണ്ടായിരുന്നില്ല. ഡൽഹിക്ക് വേണ്ടി കളത്തിലിറങ്ങാനാണ് ആഗ്രഹിച്ചിരുന്നത്. എന്നാൽ ലളിതാണ് എന്നെ ഇതിലേക്ക് വലിച്ചിട്ടതെന്നാണ് താരം തുറന്നടിച്ചത്.
‘എന്‍റെ നാട്ടില്‍ നിന്ന് ഒരുപാട് ദൂരമുണ്ടായിരുന്നതിനാൽ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിൽ ചേരാന്‍ എനിക്ക് താല്‍പര്യമില്ലായിരുന്നു. ഇവിടത്തെ ഭക്ഷണ രീതികൾ വലിയ ബുദ്ധിമുട്ടായിരുന്നു. മാത്രമല്ല എനിക്ക് ഇംഗ്ലീഷ് തീരെ വശമുണ്ടായിരുന്നില്ല. എന്റെ സ്വദേശമായ മീററ്റിനടുത്താണ് ഡൽഹി. അതിനാൽ എനിക്ക് വല്ലപ്പോഴുമെങ്കിലും വീട്ടിൽ പോയിവരാനാകുമായിരുന്നു. എന്നാൽ ഒരാൾ വന്ന് എന്നോട് ചില പേപ്പറുകൾ ഒപ്പിടാൻ ആവശ്യപ്പെട്ടു. അത് ഐപിഎൽ കരാർ ആയിരുന്നുവെന്ന് അറിയില്ലായിരുന്നു.
ഡല്‍ഹിക്ക് കളിക്കാനാഗ്രഹം, ആര്‍സിബിക്കല്ല എന്നയാളോട് ഞാൻ പറഞ്ഞു. ഇതിന്റെ പരാതിക്ക് പിന്നാലെ ലളിത് മോദി എന്നെ വിളിച്ച് കരിയര്‍ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തി’ – എന്നാണ് പ്രവീണ്‍ കുമാറിന്‍റെ വെളിപ്പെടുത്തല്‍. 2008 മുതല്‍ 2010 വരെ റോയല്‍ ചലഞ്ചേഴ്‌സിലാണ് പ്രവീണ്‍ കളിച്ചത്.