ചുരുങ്ങിയ സമയംകൊണ്ട് തമിഴ് സിനിമയിൽ തന്റെതായൊരു സ്ഥാനം സ്വന്തമാക്കിയ നടനാണ് ശിവകാർത്തികേയൻ. ലോ ബജറ്റ് എന്റർടെയിൻമെന്റ് സിനിമകളിലൂടെ ശ്രദ്ധേയനായ താരം ഇപ്പോൾ ട്രാക്ക് മാറ്റി ബിഗ് ബജറ്റ് ചിത്രങ്ങളുടെ പുറകേയാണ്. ഇപ്പോഴിതാ താരം തന്റെ പ്രതിഫലത്തെ കുറിച്ചും തന്റെ സിനിമാ സംവിധാനത്തെ കുറിച്ചുമുള്ള വിശേഷങ്ങൾ പങ്കുവയ്‌ക്കുകയാണ്. തന്റെ പുതിയ ചിത്രമായ അയലാന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങളെ കുറിച്ച് സംസാരിച്ചത്.
‘വളരെ ബുദ്ധിമുട്ടിയാണ് ഞാൻ സിനിമയിൽ എത്തിയത്. കരിയറിൽ എത്തിയ കാലം മുതൽ, ഒരോ തിരക്കഥ കേൾക്കുമ്പോഴും ആ സിനിമയെ കുറിച്ച് ആഴത്തിൽ മനസ്സിലാക്കിയാണ് അഭിനയിക്കുന്നത്. സിനിമ ഇഷ്ടപ്പെട്ട് കരാറിൽ ഒപ്പിടുമ്പോൾ ഒരിക്കലും ഒരു നിശ്ചിത തുക പ്രതിഫലമായി കൈപ്പറ്റുന്ന രീതിയും എനിക്കില്ല. കരിയറിന്റെ തുടക്കം മുതൽ പാലിക്കുന്ന കാര്യമാണിത്. അതുപോലെ ഒരോ സിനിമയ്‌ക്കും ഞാൻ ഓരോ പ്രതിഫലമാണ് വാങ്ങുന്നത്. നിർമ്മാതാവിന്റെ ശേഷിക്കനുസരിച്ച് പലപ്പോഴും ഞാൻ പ്രതിഫലം കുറയ്‌ക്കാറുണ്ട്. സിനിമയുടെ വലിപ്പമനുസരിച്ചായിരിക്കും ഞാൻ പ്രതിഫലത്തെ കുറിച്ച് ചിന്തിക്കുന്നത് തന്നെ.
ഞാൻ അഭിനയിക്കുന്ന സിനിമകളുടെ നിർമ്മാതാക്കൾക്ക് നഷ്ടം വരരുതെന്ന് ഞാൻ എപ്പോഴും ആഗ്രഹിക്കാറുണ്ട്. അങ്ങനെ ചിന്തിച്ച് തന്നെയാണ് ഓരോ സിനിമയും തിരഞ്ഞെടുക്കുന്നത്. സിനിമ ബിസിനസ്സിനെ ബാധിക്കാത്ത തരത്തിൽ മാത്രമേ ഞാൻ എപ്പോഴും പരീക്ഷണങ്ങൾ നടത്താറുള്ളു. പത്ത് വർഷമായി ഞാൻ സിനിമയിലെത്തിയിട്ട്.
സിനിമയിലെ എന്റെ വിജയ പരാജയങ്ങളും ഞാൻ ചെയ്ത തെറ്റുകളുമാണ് എന്റെ സമ്പാദ്യം. അവയാണ് എന്റെ പഠനങ്ങളും. ആദ്യ കാലത്ത് താൻ സംവിധായകൻ നെൽസന്റെ അസിസ്റ്റന്റായിരുന്നു. അക്കാലത്ത് സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ സിനിമയിലെത്തിയ ശേഷമാണ് സംവിധാനം എത്ര ബുദ്ധിമുട്ടുള്ള പണിയാണെന്ന് മനസിലായത്. പക്ഷേ ഒരു സിനിമയെങ്കിലും സംവിധാനം ചെയ്യണമെന്ന ആഗ്രഹമുണ്ട്’. എന്നായിരുന്നു ശിവകാർത്തികേയന്റെ വാക്കുകൾ.