തിരുവനനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം നിഷേധിച്ച് വഞ്ചിയൂർ കോടതി. ജനുവരി 22 വരെ രാഹുലിനെ റിമാൻഡ് ചെയ്തു. ഇന്ന് രാവിലെയാണ് അടൂരിലെ വീട്ടിൽ നിന്ന് രാഹൂലിനെ പോലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നടന്ന വൈദ്യ പരിശോധനയിൽ രാഹുലിന് ആരോഗ്യ പ്രശ്‌നമില്ലെന്ന് തെളിഞ്ഞതോടെയാണ് കോടതി റിമാൻഡ് ചെയ്തത്.
ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ചികിത്സയിലായിരുന്നുവെന്നും രാഹുൽ കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോടതി രാഹുലിന് വീണ്ടും മെഡിക്കൽ പരിശോധന നടത്താൻ ഉത്തരവിട്ടത്. കസ്റ്റഡിയിലെടുക്കുന്നതിന് മുമ്പുള്ള ആരോഗ്യ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തണമെന്നും കോടതി പറഞ്ഞിരുന്നു. സെക്രട്ടറിയേറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് രാഹുൽ ചികിത്സയിലായിരുന്നു. ഇക്കാര്യത്തിൽ മെഡിക്കൽ വിവരങ്ങൾ പരിശോധിക്കാനായിരുന്നു കോടതി ആവശ്യപ്പെട്ടത്.















