ശതാഭിഷേക നിറവിൽ മലയാളത്തിന്റെ ഗാനഗന്ധർവൻ. യുഎസിലെ ടെക്സസിലെ സ്വവസതിയിലാകും യേശുദാസ് 84-ാം ജന്മദിനം ആഘോഷിക്കുക. കേരളത്തിൽ പലയിടങ്ങളിലും സംഗീതഗ്രൂപ്പുകളും സാംസ്കാരികസംഘടനകളും യേശുദാസ് ഗാനങ്ങൾ അവതരിപ്പിച്ച് സംഗീതാഞ്ജലിയോടെ അദ്ദേഹത്തിന്റെ ശതാഭിഷേകം ആഘോഷിക്കും.
ഇഷ്ടദേവതയായ മൂകാംബിക ദേവിക്ക് ജന്മദിനത്തോടനുബന്ധിച്ച് പ്രത്യേകപൂജകൾ ചെയ്യും. ഇന്ന് രാവിലെ ഫോർട്ട് കൊച്ചിയിലെ ജന്മഗൃഹമായ ദ ഹൗസ് ഓഫ് യേശുദാസിൽ കേക്ക് മുറിയും ആഘോഷവും സംഘടിപ്പിച്ചിട്ടുണ്ട്. സംവിധായകൻ കമൽ ആകും മുഖ്യാതിഥി. സിനിമ, രാഷ്‌ട്രീയ, സാമൂഹ്യ രംഗങ്ങളിലെ നിരവധി പേർ പങ്കെടുക്കും. ആയിരം മാസം ജീവിച്ച്, ആയിരം പൂർണചന്ദ്രന്മാരെ കാണാനാവുകയെന്ന സൗഭാഗ്യ മുഹൂർത്തമാണ് ശതാഭിഷേകം.
ഇന്നലെ പാലക്കാട് ജില്ലയിൽ യേശുദാസ് @84 എന്ന പേരിൽ സ്വരലയ പാലക്കാട് സംഘടിപ്പിച്ച സംഗീത പരിപാട് ഗാനഗന്ധർവനുള്ള സ്വരാർച്ചനയായി മാറി. മൂകാംബിക ദേവിയുടെ ഭക്തനായിരുന്ന അദ്ദേഹം പിറന്നാളിന് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെത്തി കീർത്തനം ആലപിക്കുന്ന പതിവുണ്ടായിരുന്നു. എന്നാൽ കോവിഡിന് ശേഷം അദ്ദേഹം അമേരിക്കയിൽ നിന്ന് തിരിച്ചെത്തിയിട്ടില്ല.
1940 ജനുവരി 10-ന് എറണാകുളത്തെ ഫോർട്ട് കൊച്ചിയിലാണ് യേശുദാസിന്റെ ജനനം. വിദേശ ഭാഷകളിൽ ഉൾപ്പെടെയായി 70,000-ത്തിലധികം ഗാനങ്ങൾ യേശുദാസ് ആലപിച്ചിട്ടുണ്ട്. പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ അടക്കമുള്ള നിരവധി ബഹുമതികൾ നൽകി രാജ്യം ആദരിച്ചു. 35 സംസ്ഥാന അവാർഡുകളും എട്ട് ദേശീയ അവാർഡും ഗാനഗന്ധർവന്റെ പേരിലാണ്.















