“ഹരിവരാസനം വിശ്വമോഹനം
ഹരിദധീശ്വരം ആരാധ്യപാദുകം
അരിവിമർദ്ദനം നിത്യ നർത്തനം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ”
ആരെയും ഭക്തിയുടെ പരകോടിയിലെത്തിക്കുന്ന വരികളാണിത്. ഗാനഗന്ധർവ്വൻ യേശുദാസിന്റെ സ്വരമാധുര്യത്തിലാണ് സാക്ഷാൽ അയ്യപ്പ സ്വാമിയെ ഉറക്കുന്നത്. ഹരിവരാസനം എന്ന സ്തോത്രം കേൾക്കുന്ന ഏതൊരാളെയും ഭക്തിയുടെ പാരാവശ്യത്തിലെത്തിക്കുമെന്നത് തീർച്ച. ഭക്തിസാന്ദ്രമാക്കുന്നതിൽ യേശുദാസിന്റെ ശബ്ദം പരകോടിയിലെത്തുന്നു.
1975-ൽ പുറത്തിറങ്ങിയ ‘സ്വാമി അയ്യപ്പൻ’ എന്ന സിനിമയ്‌ക്ക് വേണ്ടി മധ്യമാവതി രാഗത്തിൽ യേശുദാസ് പാടിയ ഗാനമാണ് കാലങ്ങൾക്കിപ്പുറം അയ്യന്റെ ഉറക്കുപ്പാട്ടായി മാറിയത്. ഇതിന് മുൻപ് ശബരിമലയിൽ ഹരിവരാസനം പാടിയിരുന്നത് ഇവിടുത്തെ പൂജാരിമാരാണെന്ന് പറയപ്പെടുന്നു. ‘ഹരിഹരസുധാഷ്ടകം’ എന്ന സംസ്കൃത ഭക്തിഗാനത്തിലെ വരികളാണ് സിനിമയ്‌ക്കായി എടുത്തത്.
കുഭംകുടി കുളത്തൂർ അയ്യരും സംഗീത സംവിധായകൻ ജി ദേവരാജനും ഒന്നിച്ചതോടെ വരികൾക്ക് താളം ലഭിച്ചു. അങ്ങനെ യേശുദാസിന്റെ ശബ്ദത്തിൽ ലോകം മുഴുവൻ കേൾക്കുന്ന ഉറക്കുപാട്ടിന്റെ പിറവി അവിടെ ആരംഭിച്ചു. സിനിമയിലേതിൽ നിന്ന് ചില മാറ്റങ്ങൾ വരുത്തി ശബരിമലയ്‌ക്കായി യേശുദാസ് വീണ്ടും ഹരിവരാസനം ആലപിച്ചു.















