തിരുവനന്തപുരം: ഷാരോൺ വധക്കേസിലെ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി ഗ്രീഷ്മ നൽകിയ ഹർജിയിൽ ഹൈക്കോടതി നോട്ടീസ്. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അദ്ധ്യക്ഷനായ ബെഞ്ച് സംസ്ഥാന പോലീസ് മേധാവിയോട് വിശദീകരണം തേടി. കുറ്റകൃത്യം നടന്നത് തമിഴ്‌നാട്ടിലായതിനാൽ കേസിന്റെ വിചാരണയും അവിടേക്ക് മാറ്റണം എന്നാവശ്യപ്പെട്ടാണ് ഗ്രീഷ്മ ഹർജി നൽകിയിരുന്നത്.
നിലവിലെ അന്തിമ അന്വേഷണ റിപ്പോർട്ട് തനിക്ക് നിയമപരമായ വിചാരണ ഉറപ്പാക്കുന്നില്ലെന്നും ഗ്രീഷമ നൽകിയ ഹർജിയിൽ ആരോപിക്കുന്നു. കേസിലെ മറ്റു പ്രതികളായ അമ്മ സിന്ധു, അമ്മാവൻ നിർമ്മൽ കുമാരൻ എന്നിവരാണ് മറ്റ് ഹർജിക്കാർ.
കഷായത്തിൽ വിഷം കലർത്തി നൽകിയതിനെ തുടർന്ന് 2022 ഒക്ടോബർ 25 ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ഷാരോൺ മരണപ്പെട്ടത്. തമിഴ്‌നാട്ടിലെ പുളുകലിലുള്ള വീട്ടിൽ വിളിച്ചു വരുത്തിയാണ് ഗ്രീഷ്മ ആൺ സുഹൃത്തായ ഷാരോണിന് വിഷം നൽകിയത്.
പാറശ്ശാല പോലീസ് ആദ്യം സ്വാഭാവിക മരണത്തിനായിരുന്നു കേസെടുത്തിരുന്നത്. എന്നാൽ ഷാരോണിന്റെ കുടുംബത്തിന്റെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കേസിന്റെ ചുരുളഴിഞ്ഞത്. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാനായാണ് പ്രതി ക്രൂരകൃത്യം നടത്തിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.















