ഹൃദയം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. കല്യാണി പ്രിയദർശൻ നായികയാകുന്ന ചിത്രത്തിൽ വൻ യുവതാരനിരയും അണിനിരക്കുന്നുണ്ട്. വിഷു റിലീസായി എത്തുന്ന ചിത്രത്തിനായി ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ ചിത്രത്തിന്റെ പുത്തൻ വിശേഷം പങ്കുവച്ച് എത്തിയിരിക്കുകയാണ് നടൻ കലേഷ് രാമാനന്ദ്.
View this post on Instagram
വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലിനുമൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് താരം തന്റെ സന്തോഷം ആരാധകരോട് പങ്കുവച്ചത്. ‘ അതേ ആളുകൾ, അതേ സ്റ്റുഡിയോ. പക്ഷേ കൂടുതൽ ആവേശം. വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിലെ എന്റെ കഥാപാത്രത്തിന്റെ ഡബ്ബിംഗ് പൂർത്തിയായി. നിങ്ങളെ പോലെ തന്നെ ഞാനും ഈ ചിത്രത്തിനായി വളരെ ആകാംക്ഷയിലാണ്.’ എന്നായിരുന്നു താരത്തിന്റെ കുറിപ്പ്.
മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്‌മണ്യമാണ് ചിത്രം നിർമിക്കുന്നത്. നിവിൻ പോളി ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. അജു വർഗീസ്, ബേസിൽ ജോസഫ്, നീതാ പിള്ള, അർജുൻ ലാൽ, നിഖിൽ നായർ, ഷാൻ റഹ്‌മാൻ, നീരജ് മാധവ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. സിനിമയുടെ ചിത്രീകരണം പൂർത്തിയായ ശേഷമുള്ള വിശേഷങ്ങൾ കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ തന്നെ അറിയിച്ചിരുന്നു. ഒപ്പം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടിരുന്നു.