ഗൂഡല്ലൂർ: സുൽത്താൻ ബത്തേരിക്ക് സമീപമുള്ള പന്തല്ലൂരിൽ വീണ്ടും പുലി ഇറങ്ങി. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞിറങ്ങിയ സ്ത്രീ പുലിയെ കണ്ട് പേടിച്ചോടുന്നതിനിടെ വീണ് പരിക്കേറ്റു. ചേരമ്പാടിയിലെ ടാൻടി തേയിലത്തോട്ട ജീവനക്കാരി ഭുവനേശ്വരിക്കാണ് പരിക്കേറ്റത്. ഇവർ പന്തല്ലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഇവരുടെ മുന്നിലേക്ക് പുള്ളിപ്പുലി ചാടി വീണത്. ഇതോടെ ഭയന്നോടിയ ഭുവനേശ്വരി കല്ലിൽ തട്ടി വീഴുകയായിരുന്നു. അമ്മയുടെ കയ്യിൽ നിന്നും മൂന്നു വയസുള്ള കുട്ടിയെ കടിച്ചെടുത്ത് കൊലപ്പെടുത്തിയ പുലിയെ വനംവകുപ്പ് പിടികൂടി ഏതാനും ദിവസങ്ങൾ പിന്നിടുമ്പോഴാണ് പ്രദേശത്ത് വീണ്ടും പുലിയുടെ ആക്രമണം. പ്രദേശത്ത് ഒന്നിലധികം പുലികൾ ഉള്ളതിനാൽ ജാഗ്രത പുലർത്തണമെന്നാണ് വനംവുപ്പിന്റെ നിർദ്ദേശം















