സമ്മർദ്ദങ്ങൾക്ക് മുന്നിൽ മുട്ടുമടക്കി; അയോദ്ധ്യ പ്രാണപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അറിയിച്ച് കോൺഗ്രസ്

Published by
Janam Web Desk

ന്യൂഡൽഹി: അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അറിയിച്ച് കോൺഗ്രസ്. എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് പുറത്തിറക്കിയ വാർത്താ കുറിപ്പിലാണ് പാർട്ടിയുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. സോണിയ, മല്ലികാർജ്ജുൻ ഖാർഗെ, അധീർ രജ്ജൻ ചൗധരി എന്നിവർ ക്ഷണം നിരസിച്ചിരിക്കുന്നതായി കോൺഗ്രസ് ഔദ്യോഗിക പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ചടങ്ങിൽ നേതാക്കൾ പങ്കെടുത്താൽ മുസ്ലീം വോട്ട് ബാങ്ക് തങ്ങളിൽ നിന്നും അകലുമെന്ന് കേരളം അടക്കമുള്ള സംസ്ഥാന ഘടകങ്ങൾ എഐസിസിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇത് പ്രതികൂലമായി ബാധിക്കുമെന്നും ചില പിസിസികൾ നെഹ്രു കുടുംബത്തെ ധരിപ്പിച്ചു. ഈ സാഹചര്യത്തിലാണ് ചടങ്ങിൽ പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനത്തിൽ എഐസിസി എത്തിയിരിക്കുന്നത്.

ക്ഷണം ലഭിച്ചാൽ ചടങ്ങിൽ ഉറപ്പായും പങ്കെടുക്കുമെന്ന് ഹിമാചൽപ്രദേശ്, കർണാടക ഘടകങ്ങളിലെ നേതാക്കൾ പരസ്യപ്രസ്താവനകൾ നടത്തിയിരുന്നു. മുതിർന്ന നേതാക്കൾ എല്ലാവരും പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കണമെന്ന് ഉത്തർപ്രദേശ് പിസിസിയും ആവശ്യപ്പെട്ടിരുന്നു. ഇതൊന്നും മുഖവിലയ്‌ക്കെടുക്കാതെയാണ് കോൺഗ്രസ് ദേശീയ നേതാക്കൾ ക്ഷണം നിരസിച്ചിരിക്കുന്നത്.

നടക്കുന്നത് തീർത്തും ആർഎസ്എസ്, ബിജെപി ചടങ്ങാണെന്നാണ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ കോൺഗ്രസ് കുറ്റപ്പെടുത്തിയിരിക്കുന്നത്. ബിജെപി വിഷയത്തെ രാഷ്ടട്രീയമായി ഉപയോഗിക്കുന്നു. വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടിട്ടാണിത്. അതിനാൽ ചടങ്ങിലേക്കുള്ള ക്ഷണം നേതാക്കളായ സോണിയ, മല്ലികാർജ്ജുൻ ഖാർഗെ, അധീർ രജ്ജൻ ചൗധരി എന്നിവർ നിരസിക്കുന്നതായും കുറിപ്പിൽ പറയുന്നു.

 

Share
Leave a Comment