ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. പ്രധാനമന്ത്രിയുടെ വീക്ഷണവും തീരുമാനമെടുക്കാനുള്ള വൈദഗ്ധ്യവും അത് നടപ്പിലാക്കാനുള്ള ദൃഢനിശ്ചയവും പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. അഹമ്മദാബാദിൽ നടന്ന വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദേശികളായ എന്റെ സുഹൃത്തുക്കൾ എന്നോട് ചോദിക്കാറുണ്ട്, ദശലക്ഷക്കണക്കിന് ഭാരതീയർ ഏറ്റുവിളിക്കുന്ന ‘മോദി ഹേ തോ മുംകിൻ ഹേ’ (മോദിയുണ്ടെങ്കിൽ അത് സാധ്യമാണ്) എന്ന മുദ്രാവാക്യത്തിന്റെ അർത്ഥമെന്താണെന്ന്. ഞാൻ അവർക്ക് അതിന്റെ അർത്ഥം മനസിലാക്കി നൽകി. ഇന്ത്യയുടെ പ്രധാനമന്ത്രി തന്റെ വീക്ഷണത്താലും ദൃഢനിശ്ചയത്താലും തീരുമാനം നടപ്പിലാക്കാനുള്ള കഴിവിനാലും അസംഭവ്യമായ കാര്യങ്ങളെ സാധ്യമാക്കുന്നു എന്നാണ് അതിന്റെ അർത്ഥമെന്ന് ഞാൻ അവരോട് പറഞ്ഞു. മുകേഷ് അംബാനി അഭിപ്രായപ്പെട്ടു.
ഗുജറാത്ത് തലസ്ഥാനമായ ഗാന്ധിനഗറിൽ നടന്ന വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റിൽ വൻ പ്രഖ്യാപനങ്ങളാണ് റിലയൻസ് നടത്തിയത്. രാജ്യത്തെ ആദ്യത്തെ കാർബൺ ഫൈബർ സംവിധാനത്തിന് ഗുജറാത്തിൽ നിന്നും തുടക്കം കുറിക്കുമെന്ന് അംബാനി പ്രഖ്യാപിച്ചു. ഇതേവരെ രാജ്യത്ത് 12 ലക്ഷം കോടി രൂപയുടെ നിക്ഷേപം റിലയൻസ് രാജ്യത്ത് നടപ്പിലാക്കിയതായും അതിൽ മൂന്നിൽ ഒന്നും ഗുജറാത്തിലാണെന്നും മുകേഷ് അംബാനി പറഞ്ഞു.