ഈ വർഷം പുറത്തിറങ്ങുന്ന മലയാള സിനിമകളിൽ പ്രേക്ഷകർ കാത്തിരിക്കുന്ന ഒരു ചിത്രമാണ് പൃഥ്വിരാജ് നായകനായെത്തുന്ന ആടുജീവിതം. ബ്ലെസിയുടെ സംവിധാനത്തിലെത്തുന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേഷനാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്.
പൃഥ്വിരാജിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് തെലുങ്ക് സൂപ്പര്‍താരം പ്രഭാസ് തന്റെ അക്കൗണ്ടിലൂടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിട്ടുണ്ട്. പോസ്റ്ററിൽ നജീബിന്‍റെ രൂപഭാവങ്ങളില്‍ നില്‍ക്കുന്ന പൃഥ്വിരാജ് മാത്രമാണുള്ളത്. താരത്തിന്റെ കണ്ണിനാണ് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്. ഈ വർഷം ഏപ്രിൽ 10 നാണ് ആടുജീവിതം തിയേറ്ററിലെത്തുന്നത്.
ബെന്യാമിന്റെ നോവലിനെ അടിസ്ഥാനമാക്കി ബ്ലെസി-പൃഥിരാജ് കൂട്ടുകെട്ടിലൊരുങ്ങുന്ന സിനിമയാണ് ആടുജീവിതം. പൃഥ്വിരാജിനെ കൂടാതെ അമലാപോളും ശോഭാ മോഹനുമാണ് മലയാളത്തില്‍ നിന്നുള്ള മറ്റു താരങ്ങള്‍. എ.ആര്‍. റഹ്മാനാണ് സംഗീതം നിര്‍വഹിക്കുന്നത്. കെ.എസ്. സുനിൽ- ഛായാഗ്രഹണം. പ്രശാന്ത് മാധവ് -കലാസംവിധാനം.















