മുംബൈ: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലമായ ‘അടൽ സേതു’ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാജ്യത്തിന് സമർപ്പിക്കും. രാജ്യത്തെ തിരക്കേറിയ നഗരങ്ങളിലൊന്നായ മുംബൈയിലെ ഗതാഗത തിരക്ക് കുറയ്‌ക്കുന്നതിൽ നിർണായ പങ്ക് വഹിക്കാൻ ഇതിന് സാധിക്കും. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ സ്മരണാർത്ഥമാണ് കടൽപ്പാലത്തിന് അടൽ സേതു എന്ന പേര് നൽകിയത്.
18,000 കോടി രൂപ ചെലവിലാണ് അടൽ സേതു യാഥാർത്ഥ്യമായത്. മുംബൈയിലെ സെവ്‌രിയിൽ നിന്ന് ആരംഭിച്ച്, റായ്ഗഡ് ജില്ലയിലെ നവ ഷെവയിൽ അവസാനിക്കുന്ന തരത്തിലാണ് പാലത്തിന്റെ നിർമ്മാണം. ആറ് വരി കടൽ ലിങ്കാണ് ഈ പാലം. കടലിൽ 16.5 കിലോമീറ്ററും കരയിലേക്ക് 5.5 കിലോമീറ്ററും പാലം വ്യാപിച്ച് കിടക്കുന്നു. മുംബൈയിൽ നിന്ന് നവിമുംബൈയിലേക്ക് എത്താൻ വെറും 20 മിനിറ്റ് മാത്രമാണ് ആവശ്യമായി വരുന്നത്. നേരത്തെ ഇത് രണ്ട് മണിക്കൂറായിരുന്നു.
മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് (MTHL) എന്നറിയപ്പെടുന്ന പാലത്തിന് നിയന്ത്രണങ്ങളേർപ്പെടുത്തിയിട്ടുണ്ട്. മോട്ടോർ സൈക്കിളുകൾ, മുച്ചക്ര വാഹനങ്ങൾ, ഓട്ടോറിക്ഷകൾ, ട്രാക്ടറുകൾ, മൃഗങ്ങൾ വലിക്കുന്ന വാഹനങ്ങൾ, സാവധാനത്തിൽ സഞ്ചരിക്കുന്ന വാഹനങ്ങൾ തുടങ്ങിയവയ്‌ക്ക് പാലത്തിലേക്ക് പ്രവേശനമില്ലെന്ന് മുംബൈ പോലീസ് അറിയിച്ചിട്ടുണ്ട്. ഫോർ വീലറുകളുടെ പരമാവധി വേഗപരിധി മണിക്കൂറിൽ 100 കിലോമീറ്ററായിരിക്കും. പാലത്തിന്റെ കയറ്റത്തിലും ഇറക്കത്തിലും വേഗത മണിക്കൂറിൽ 40 കിലോമീറ്ററായി പരിമിതപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. അപകടങ്ങളും മറ്റ് തടസങ്ങളും ഇല്ലാതാക്കി പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.















