കണ്ണൂര്‍: അദ്ധ്യാപകൻ ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ ഒന്നാം പ്രതി സവാദിനെ ഒളിവിൽ കഴിയാൻ സഹായിച്ചവരും സംഘടനകളും എൻഐഎ നിരീക്ഷണത്തിൽ. സഹായം നൽകിയവരെക്കുറിച്ച് ദേശീയ അന്വേഷണ ഏജൻസിക്ക് വ്യക്തമായ വിവരം ലഭിച്ചതായാണ് സൂചന. സവാദിനെ സഹായിച്ച ചില തീവ്രവാദ സംഘടനകളും എൻഐഎയുടെ നിരീക്ഷണത്തിലുണ്ട്.
എറണാകുളം സ്വദേശിയായ സവാദ് കണ്ണൂരിലെത്തി വീട് വാടകയ്‌ക്കെടുത്ത് താമസിക്കണമെങ്കിൽ പ്രാദേശികമായി നിരവധി സഹായങ്ങൾ ലഭിക്കണം. മട്ടന്നൂർ 19-ാം മൈൽ ബേരത്താണ് ഷാജഹാൻ എന്ന പേരിൽ സവാദ് ഒളിവിൽ കഴിഞ്ഞിരുന്നത്. കുടുംബത്തിനൊപ്പം വാടക വീട്ടിലായിരുന്നു താമസം. എട്ടുമാസമായി ഇവിടെ താമസിക്കുന്ന സവാദ് മരപ്പണിയായിരുന്നു ചെയ്തിരുന്നത്. കസ്റ്റഡിയിലെടുത്ത പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ സഹായം നൽകിയവരെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭിക്കും. തുടർന്നായിരിക്കും അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് എൻഐഎ കടക്കുക.
ഇന്നലെ രാവിലെയായിരുന്നു കണ്ണൂരിലെ വാടക വീട്ടിൽ നിന്നും സവാദ് പിടിയിലായത്. കൊച്ചിയിലെ എൻഐഎയുടെ പ്രത്യേക കോടതി ഈ മാസം 24 വരെ സവാദിനെ റിമാൻഡ് ചെയ്തിട്ടുണ്ട്.