കാബൂൾ: മോശം രീതിയിൽ ഹിജാബ്’ ധരിക്കുകയും മേക്കപ്പ് ഇടുകയും ചെയ്തതിന് 16 വയസ്സ് പ്രായമുള്ള നിരവധി പെൺകുട്ടികളെ താലിബാൻ അറസ്റ്റ് ചെയ്തു. അനിഇസ്ലാമികമായി പെൺകുട്ടികളെ വളർത്തിയതിന് ഇവരുടെ രക്ഷിതാക്കൾ ചാട്ടവാറടിക്ക് വിധേയരായതായി ഗാർഡിയൻ ദിനപത്രം റിപ്പോർട്ട് ചെയ്തു.
ഷോപ്പിംഗ് സെന്ററുകൾ, ക്ലാസുകൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിൽ നിന്നാണ് താലിബാൻ പെൺകുട്ടികളെ ട്രക്കുകളിൽ കയറ്റി കൊണ്ടു പോയത്. മേക്കപ്പ് ധരിക്കുകയും മറ്റുള്ളവരെ ‘മോശം ഹിജാബ്’ ധരിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തുവെന്നാണ് ഇവരുടെ മേൽ ആരോപിക്കപ്പെട്ട കുറ്റം. രഹസ്യമായി നടത്തിയ ഇംഗ്ലീഷ് ക്ലാസിൽ നിന്നുള്ള പെൺകുട്ടികളും അറസ്റ്റിലായിട്ടുണ്ട്.
സ്ത്രീകൾ തല മുതൽ കാൽ വരെ മൂടുന്ന വസ്ത്രം ധരിക്കണമെന്ന് 2022 മെയ് മാസത്തിൽ താലിബാൻ ഉത്തരവിട്ടിരുന്നു. 2021-ൽ താലിബാൻ അധികാരം പിടിച്ചെടുത്തതിന് ശേഷം സ്ത്രീകൾക്ക് വിദ്യാഭ്യാസത്തിനും തൊഴിലിനും വിലക്കേർപ്പെടുത്തിയിരുന്നു.
‘താൻ ശിരോവസ്ത്രം ധരിച്ചിരുന്നു, എന്നിട്ടും എന്റെ വസ്ത്രം അനുചിതമാണെന്ന് പറഞ്ഞ് അവർ എന്നെ മർദ്ദിച്ചു, തടങ്കലിൽ നിന്നും മോചിപ്പിക്കപ്പെട്ട പെൺകുട്ടി പറഞ്ഞു. ഇംഗ്ലീഷ് പഠിച്ചതും വിദേശത്തേക്ക് പോകാൻ ആഗ്രഹിച്ചതും തനിക്കെതിരായി ആരോപിക്കപ്പെട്ട കുറ്റമാണ്’ പെൺകുട്ടി പറയുന്നു.
ശിരോവസ്ത്രം ധരിക്കാതെ വീട്ടിൽ നിന്ന് പുറത്തുപോകില്ലെന്ന് എഴുതി ഒപ്പിട്ട് നൽകിയാണ് പെൺകുട്ടിയെ താലിബാൻ മോചിപ്പിച്ചത്. മകളെ ഇംഗ്ലീഷ് കോഴ്സ് പഠിപ്പിച്ചതിന് അച്ഛനെ ക്രൂരമായണ് മർദ്ധിച്ചത്. ഇനി പഠിക്കാനുള്ള ധൈര്യം തനിക്കില്ലെന്ന് പെൺകുട്ടി ഗാർഡിയൻ ദിനപത്രത്തിനോട് വെളിപ്പെടുത്തി.