എറണകുളം: മുത്തലാഖ് നിയമം മൂലം നിരോധിച്ചതിന് ശേഷവും മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേർെപ്പടുത്തിയെന്നാരോപിച്ച് യുവതിയുടെ പരാതി. വഴക്കാല സ്വദേശിനിയായി യുവതിയാണ് തൃക്കാക്കര പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്. 2019 ആഗസ്റ്റ് ഒന്നിനാണ് രാജ്യത്ത് മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയത്.
മുത്തലാഖ് നിയമപ്രകാരം കൊച്ചി സിറ്റി പരിധിയിലെടുക്കുന്ന ആദ്യ കേസാണിത്. ഭർത്താവിനും ഭർതൃമാതാവിനുമെതിരെയാണ് കേസ് നൽകിയിരിക്കുന്നത്. വിദേശത്തുള്ള ഭർത്താവ് മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ചെന്നും ഭർതൃവീട്ടുകാർ മാനസികമായി പീഡിപ്പിച്ചുവെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. ഭർതൃവീട്ടുകാരുടെ സമ്മർദത്തിന് വഴങ്ങിയാണ് ഭർത്താവ് മുത്തലാഖ് ചൊല്ലിയതെന്ന് യുവതി പരാതിയിൽ വ്യക്തമാക്കി.
മുത്തലാഖ് നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. കൂടാതെ യുവതിയെ മാനസികമായി പീഡിപ്പിച്ചതിന് ഭർത്താവിനെതിരെയും ഭർതൃമാതാവിനെതിരെയും മറ്റ് വകുപ്പുകളും ചുമത്തിയിട്ടുണ്ട്. വിശദമായ അന്വേഷണത്തിന് ശേഷമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.















