ലക്‌നൗ; പ്രാണ പ്രതിഷ്ഠ ദിനമായ ജനുവരി 22-ൽ 100 ചാർട്ടേഡ് വിമാനങ്ങൾ ഇറങ്ങുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ചരിത്ര നഗരവുമായി മറ്റു രാജ്യങ്ങളെ ബന്ധിപ്പിക്കാനുള്ള സാധ്യതകളാണ് അയോദ്ധ്യയിലെ വിമാനത്താവളം തുറന്നുകാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
” ഉത്തർപ്രദേശിന് നാലാമത്തെ വിമാനത്താവളം നൽകിയതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിക്കുന്നു. ജനുവരി 22-ന് നടക്കുന്ന പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാനായി അതിഥികൾ അയോദ്ധ്യയിലെ മഹർഷി വാത്മീകി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വന്നിറങ്ങും. മറ്റു സംസ്ഥാനങ്ങളും രാജ്യങ്ങളുമായി ചരിത്ര നഗരത്തെ ബന്ധിപ്പിക്കുന്നതിനുള്ള സാധ്യതകളും പാതയുമാണ് ഇത് തുറന്നുകാണിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതു പോലെ ശ്രീരാമനുമായി നമ്മെ ബന്ധിപ്പിക്കുന്ന അറിവിന്റെ പാതയാണ് മഹർഷി വാത്മീകിയുടെ രാമായണം.” – യോഗി ആദിത്യനാഥ് പറഞ്ഞു.
ഡിസംബർ 30-നാണ് അയോദ്ധ്യയിലെ മഹർഷി വാത്മീകി അന്താരാഷ്‌ട്ര വിമാനത്താവളം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ആദ്യ ഘട്ടത്തിൽ പ്രതിദിനം 10 ലക്ഷം യാത്രക്കാർക്ക് സേവനം നൽകാനും രണ്ടാം ഘട്ടത്തിൽ 60 ലക്ഷം യാത്രക്കാർക്ക് സേവനം നൽകാനും വിമാനത്താവളത്തിനു സാധിക്കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. 1,450 കോടി രൂപയോളം ചെലവഴിച്ചാണ് അത്യാധുനിക വിമാനത്താവളത്തിന്റെ ഒന്നാംഘട്ട നിർമ്മാണം പൂർത്തീകരിച്ചത്. അഹമ്മദാബാദിനെ പുണ്യനഗരവുമായി ബന്ധിപ്പിക്കുന്ന വിമാനത്താവളത്തിൽ നിന്നും ആദ്യ ത്രിവാര വിമാനത്തിനുള്ള ബോർഡിംഗ് പാസും യോഗി ആദിത്യനാഥ് ഏറ്റുവാങ്ങിയിരുന്നു.