ആലപ്പുഴ: കടബാധ്യത മൂലം കുട്ടനാട്ടിൽ ആത്മഹത്യ ചെയ്ത കർഷകൻ കെജി പ്രസാദിന്റെ കുടുംബത്തിനെതിരെ അപവാദ പ്രചരണവുമായി സിപിഎം. മറ്റ് പ്രശ്‌നങ്ങൾ മൂലമാണ് പ്രസാദ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാദേശിക സിപിഎം പ്രവർത്തകർ പ്രചരിപ്പിക്കുന്നതെന്ന് പ്രസാദിന്റെ ഭാര്യ ഓമന പറഞ്ഞു. സർക്കാരിൽ നിന്ന് ലഭിക്കാനുള്ള ധനസഹായങ്ങൾ കുപ്രചരണം നടത്തി തടയുകയാണ്. ഇക്കൂട്ടർ ബാങ്കിൽ പോയി അന്വേഷിച്ചാൽ മരണ കാരണമറിയാമെന്നും അവർ കൂട്ടിച്ചേർത്തു.
പ്രസാദിന്റെ മരണമൊഴിയിൽ പറയുന്ന കാര്യങ്ങൾ സത്യമാണ്. മരണ ശേഷം മറ്റുള്ളവരെ ബോധിപ്പിക്കാൻ മാത്രമാണ് കൃഷിമന്ത്രി പി.പ്രസാദ് ഇവിടെ വന്നത്.
വാഗ്ദാനങ്ങൾ നൽകിയെങ്കിലും അതൊന്നും നിറവേറ്റിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ നവംബറിലാണ് കടബാധ്യതയെ തുടർന്ന് കെജി പ്രസാദ് (55) ആത്മഹത്യ ചെയ്യുന്നത്. സപ്ലൈകോയ്‌ക്ക് നൽകിയ നെല്ലിന്റെ പിആർഎസ് രസീത് വായ്പയായി കിട്ടിയിരുന്നെങ്കിലും വായ്പയ്‌ക്കായി വീണ്ടും ബാങ്കിനെ സമീപിച്ചപ്പോൾ അത് അനുവദിച്ചിരുന്നില്ല. ഇതിന്റെ മനോവിഷമത്തിൽ മദ്യത്തിൽ വിഷംകലർത്തി കഴിച്ച ഇദ്ദേഹം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.















