ന്യൂഡൽഹി: അയോദ്ധ്യ പ്രാണപ്രതിഷ്ഠ ചടങ്ങിന് പിന്തുണ അറിയിച്ച എസ്എൻഡിപി നിലപാടിനെ സ്വാഗതം ചെയ്ത് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ.
പ്രാണപ്രതിഷ്ഠ കർമം അഭിമാനമുയർത്തുന്ന ആത്മീയ മുഹൂർത്താണെന്ന നിലപാട് ഭൂരിപക്ഷ സമുദായത്തിന്റെ ആവേശം വ്യക്തമാക്കുന്നതാണെന്നും, വിശ്വാസികൾ ഭവനങ്ങളിൽ ദീപം തെളിയിക്കണമെന്നത് സങ്കുചിത രാഷ്‌ട്രീയചിന്തകൾക്കേറ്റ തിരിച്ചടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിലപാട് തുറന്നുപറഞ്ഞത്. പ്രാണപ്രതിഷ്ഠാ കർമ്മം അഭിമാനമുയർത്തുന്ന ആത്മീയ മുഹൂർത്തമാണെന്നും പ്രതിഷ്ഠാ മുഹൂർത്തതിൽ എല്ലാ വിശ്വാസികളും ഭവനങ്ങളിൽ ദീപം തെളിയിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ശ്രീരാമൻ വ്യക്തിജീവിതത്തിലും കർമ്മപഥത്തിലും മര്യാദ പുരുഷോത്തമനാണെന്നും അദ്ദേഹം പറഞ്ഞു. എൻഎസ്എസ് ഇക്കഴിഞ്ഞ ദിവസം ഇതേ നിലപാട് സ്വീകരിച്ചിരുന്നു.















