തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വാഴ്‌ത്തി വീണ്ടും സിപിഎം നേതാക്കൾ. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് പിന്നാലെ ഏറ്റവും ഒടുവിലായി എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനാണ് പിണറായിയെ പുകഴ്‌ത്തിയിരിക്കുന്നത്. ജനങ്ങൾക്ക് മുഖ്യമന്ത്രിയോടുള്ള വീരാരാധനയാണെന്ന് ജയരാജൻ അഭിപ്രായപ്പെട്ടു. കെഎൽഎഫ് വേദിയിൽ മുഖ്യമന്ത്രിയെ പരോക്ഷമായി വിമർശിച്ച് എം.ടി വാസുദേവൻ നായർ രംഗത്തെത്തിയതിന് പിന്നാലെയാണ് എൽഡിഎഫ് കൺവീനറുടെ പരാമർശം.
”ഈ നാടിന് വേണ്ടി പ്രവർത്തിക്കുന്ന മഹത് വ്യക്തികളെക്കുറിച്ച് ജനങ്ങൾക്ക് വീരാരാധനയുണ്ട്. ജനങ്ങൾക്ക് ഏറെ ഇഷ്ടപ്പെട്ട നേതാക്കളുണ്ട്. ജനങ്ങളുടെ അതിരുകവിഞ്ഞ സ്‌നേഹവും വിശ്വാസവും വാത്സല്യവും കൊണ്ടാണ് നേതാക്കളെ പ്രശംസിച്ച് കവിതയും പാട്ടുമൊക്കെ എഴുതുന്നത്. ഞങ്ങൾ വ്യക്തിത്വത്തെ നിഷേധിക്കുന്നവരല്ല. ഇഎംഎസ് ഒരു പ്രതിഭയാണ്, പിണറായി വിജയൻ ഒരു പ്രതിഭയാണ്. ഭരണരംഗത്തെ രാഷ്‌ട്രീയ പ്രതിഭയായാണ് ഞാനടക്കമുള്ളവർ അദ്ദേഹത്തെ കാണുന്നത്.” ജയരാജൻ പറഞ്ഞു.
എംടി വാസുദേവൻ നായരുടെ പ്രസംഗം ദുർവ്യാഖ്യാനം ചെയ്യുകയാണെന്ന് വാദിച്ച ജയരാജൻ രാജ്യത്തിന്റെ ദുരവസ്ഥയാണ് എംടി ഉദ്ദേശിച്ചതെന്ന് അവകാശപ്പെടുകയും ചെയ്തു. അധികാരം എന്നാൽ ആധിപത്യമോ, സർവാധിപത്യമോ ആയി മാറിയെന്നും അധികാരം ജനസേവനത്തിന് എന്ന സിദ്ധാന്തം കുഴിച്ചു മൂടിയെന്നുമായിരുന്നു എംടിയുടെ പരാമർശം. കെൽഎഫ് വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.