ടെഹ്റാൻ: ജനുവരി മൂന്നിന് ഇറാനിലുണ്ടായ ബോംബാക്രമണത്തിന് പിന്നിൽ പ്രധാന പങ്കുവഹിച്ച ഭീകരനെ കണ്ടത്തിയെന്ന് റിപ്പോർട്ട്. അബ്ദുള്ള താജിക്കി എന്ന താജിക്കിസ്ഥാൻ പൗരനാണ് ഇരട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായതെന്ന് ഇറാൻ ഇന്റലിജൻസ് മന്ത്രാലയം അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു.
സ്ഫോടനത്തിൽ 100-ഓളം പേരായിരുന്നു കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റു. 2020ൽ അമേരിക്കൻ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാനിയൻ ജനറലിന്റെ മരണവാർഷിക ചടങ്ങിലാണ് സ്‌ഫോടനം നടത്തിയത്. തലസ്ഥാനമായ ടെഹ്റാനിൽ നിന്ന് 820 കിമീ അകലെ കെർമാനിലാണ് ആദ്യ ചാവേർ സ്ഫോടനമുണ്ടായി. തുടർന്ന് രക്ഷാദൗത്യം പുരോഗമിക്കുന്നതിനിടെ 20 മിനിറ്റിനു ശേഷം അടുത്ത സ്ഫോടനം നടന്നു.
ഇറാനിയൻ വാർത്ത ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം ഡിസംബർ പകുതിയോടെ ഭീകരവാദികൾ അതിർത്തി കടക്കുകയും സ്ഫോടനത്തിന് രണ്ട് ദിവസമുള്ളപ്പോൾ ബോംബുകളുടെ നിർമ്മാണം നടത്തുകയുമായിരുന്നു. ഒമർ അൽ മൊവാഹെദും സെയ്ഫ് അള്ളാ അൽ മുജാഹെദുമായിരുന്നു ചാവേറുകൾ. സഫോടനവുമായി ബന്ധമുള്ള 35 പേർ ഇതിനകം അറസ്റ്റിലായിട്ടുണ്ട്.















