മുംബൈ: രാജ്യത്തെ ഏറ്റവും നീളമേറിയ കടൽപ്പാലം അടൽ സേതു എന്ന മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് (MTHL) പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. രാജ്യത്തിന്റെ എഞ്ചിനീയറിംഗ് മികവിന്റെ മികച്ച ഉദാഹരണമാണ് പാലം. ലോകത്തിലെ നീളമേറിയ പാലങ്ങളുടെ പട്ടികയിൽ 12-ാം സ്ഥാനം അടൽ സേതുവിാനണ്. 22 കിലോമീറ്റർ നീളത്തിലുമുള്ള ആറുവരി പാതയാണ് MTHL. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലവും ഇത് തന്നെയാണ്.
താനെ കടലിടുക്കിന് മുകളിലായി, മുംബൈയും നവി മുംബൈയെയും ബന്ധിപ്പിക്കുന്ന പാതയാണിത്. 22 കിലോമീറ്ററിൽ 16.5 കിലോമീറ്ററും കടലിന് മുകളിലായാണ് നിർമ്മിച്ചിരിക്കുന്നത്. സമുദ്ര നിരപ്പിൽ നിന്ന് 15 മീറ്റർ ഉയരത്തിലാണ് പാലത്തിന്റെ നിർമ്മാണം. അടിയിലൂടെ കപ്പലുകൾക്ക് കടന്നുപോകാൻ കഴിയുന്നതാണ്. പ്രതിദിനം 75,000 വാഹനങ്ങൾക്ക് മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ കടന്നുപോകാൻ സാധിക്കും. പാലത്തിന്റെ കയറ്റത്തിലും ഇറക്കത്തിലും 40 കിലോമീറ്ററാണ് പരമാവധി വേഗത. ബൈക്ക്, ഓട്ടോറിക്ഷ, ട്രാക്ടർ തുടങ്ങിയവയ്‌ക്ക് പാലത്തിലൂടെ പ്രവേശനമില്ല.
500 ബോയിംഗ് വിമാനങ്ങളുടെ ഭാരത്തിന് തുല്യവും ഈഫൽ ടവറിന്റെ 17 മടങ്ങ് ഭാരവുമുള്ള സ്റ്റീലാണ് ഇതിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചത്. 1,77,903 മെട്രിക് ടൺ സ്റ്റീലും 504,253 മെട്രിക് ടൺ സിമന്റും അടൽ സേതുവിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചതായാണ് കണക്ക്. എഞ്ചിനീയറിംഗിന്റെ അത്ഭുതമെന്നാണ് പാലത്തിന് വിശേഷിപ്പിക്കുന്നത്. അന്താരാഷ്‌ട്ര നിലവാരം പുലർത്തുന്ന ഈ പാലം, കാറ്റിനെയും മിന്നലിനെയും പ്രതിരോധിക്കും. 18,000 കോടി രൂപ ചെലവിലാണ് അത്യാധുനിക കടൽപ്പാലം യാഥാർത്ഥ്യമായത്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ സ്മരണാർഥമായാണ് മഹാരാഷ്‌ട്രാ സർക്കാർ പാലത്തിന് അടൽ സേതു എന്ന പേര് നൽകിയത്.















