തിരുവനന്തപുരം: സാധാരണ മുസ്ലീങ്ങൾ തീവ്രവാദത്തെ പിന്തുണയ്‌ക്കില്ലെന്ന് അറിയാവുന്നത് കൊണ്ടാണ് പോപ്പുലർ ഫ്രണ്ട് ഭീകരൻ കോഴിക്കോടും മലപ്പുറത്തും കാസർകോടുമൊന്നും ഒളിവിൽ കഴിയാത്തതെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. കമ്യൂണിസ്റ്റ് ഗ്രാമത്തിൽ ചെന്ന് സിപിഎമ്മിന് പിരിവ് നൽകിയാൽ എല്ലാ ഭീകരന്മാർക്കും സുരക്ഷിത താവളം ലഭിക്കുമെന്നും സന്ദീപ് വാചസ്പതി പറഞ്ഞു.
അദ്ധ്യാപകൻ ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി സവാദിന് കണ്ണൂരിൽ ചർച്ചകൾ ഉയരുന്നതിനിടയിലാണ് സന്ദീപ് വാചസ്പതിയുടെ പ്രതികരണം.
തീവ്രവാദികളെ പിന്തുണച്ചാൽ മുസ്ലീം വിഭാഗത്തിന്‍റെ വോട്ട് കിട്ടുമെന്ന ഇടത്-വലത് വിഭാഗത്തിന്‍റെ ചിന്താഗതി അപകടത്തിലേക്കാണ് നയിക്കുന്നത്. മാന്യമായി ജീവിക്കുന്ന മുസ്ലീം സഹോദരങ്ങളെ സംശയ നിഴലിൽ നിർത്താൻ മാത്രമാണ് ഇവരുടെ നിലപാട് സഹായിക്കുന്നതെന്നും സന്ദീപ് വാചസ്പതി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം പ്രതികരിച്ചത്.
‘സാധാരണ മുസ്ലീങ്ങൾ തീവ്രവാദത്തെ പിന്തുണയ്‌ക്കില്ല എന്നറിയാവുന്നത് കൊണ്ടാണ് കൊടുംഭീകരൻ സവാദ് മലപ്പുറത്തെയോ കോഴിക്കോട്ടെയോ കാസർകോട്ടെയോ ഏതെങ്കിലും ഗ്രാമം ഒളിച്ചു കഴിയാൻ തിരഞ്ഞെടുക്കാതിരുന്നത്. അതേ സമയം കമ്മ്യൂണിസ്റ്റ് ഗ്രാമത്തിൽ വന്ന് ദേശാഭിമാനി വരിക്കാരനായാൽ, സിപിഎമ്മിന് പിരിവ് നൽകിയാൽ ഏത് ഭീകരനും അവർ സുരക്ഷിത താവളം ഒരുക്കുമെന്നും തീവ്രവാദികൾക്കറിയാം. അതു കൊണ്ടാണ് ഇതേപ്പറ്റി ഒരു നേതാവും ഇതുവരെ പ്രതികരിക്കാത്തത്. ഉത്തരേന്ത്യയിൽ നടക്കുന്ന സാധാരണ ക്രിമിനിൽ സംഭവങ്ങളിൽ പോലും മതം നോക്കി പ്രതികരിക്കുന്ന സാംസ്കാരിക നായകളും ബുദ്ധിജീവി പരിഷകളും വായ തുറക്കാത്തതും പരസ്പര ധാരണ തെറ്റിക്കേണ്ടെന്ന തീരുമാനം കൊണ്ടാണ്.
തീവ്രവാദികളെ പിന്തുണച്ചാൽ മുസ്ലീം വിഭാഗത്തിന്‍റെ വോട്ട് കിട്ടുമെന്ന ഇടത്-വലത് മുന്നണികളുടെ മിഥ്യാ ധാരണ കേരളത്തെ അപകടത്തിലേക്കാണ് നയിക്കുന്നത്. മാന്യമായി ജീവിക്കുന്ന മുസ്ലീം സഹോദരങ്ങളെ സംശയ നിഴലിൽ നിർത്താൻ മാത്രമാണ് ഇവരുടെ നിലപാട് സഹായിക്കുക. യഥാർത്ഥത്തിൽ ഈ രണ്ടു മുന്നണികളും സംരക്ഷകരല്ലെന്ന് മുസ്ലീം സഹോദരങ്ങൾ തിരിച്ചറിയണം. നിങ്ങള്‍ക്ക് വേണ്ടി എന്ന രീതിയിൽ ഇവർ സംസാരിക്കുന്നത് ഭീകരവാദികൾക്ക് വേണ്ടിയാണ്. ഭീകരവാദത്തെ പിന്തുണയ്‌ക്കുന്നവരാണ് എല്ലാ മുസ്ലീംങ്ങളും എന്ന പൊതുബോധം സൃഷ്ടിക്കാൻ മാത്രമേ ഇവരുടെ കപട ന്യൂനപക്ഷ പ്രേമം വഴിയൊരുക്കുകയുള്ളൂ. രാഷ്‌ട്ര വിരുദ്ധ ശക്തികളെ മതം നോക്കാതെ തുറന്നെതിര്‍ക്കുന്ന സമീപനമാണ് നമുക്ക് വേണ്ടത്. വിശ്വാസം ഏതായാലും ഭാരതം നമ്മുടെ അമ്മയാണ്. ഈ രാഷ്‌ട്രം നിലനിന്നാൽ മാത്രമേ നമുക്കും ലോകത്തിനും നിലനിൽപ്പുള്ളൂ.’- സന്ദീപ് വാചസ്പതി കുറിച്ചു.