സൂര്യൻ ധനു രാശിയിൽ നിന്നും 2024 ജനുവരി 15 തിങ്കളാഴ്‌ച്ച ഉദയാൽപരം 0 നാഴിക 16 വിനാഴിക ചെല്ലുമ്പോൾ ( 6 . 51 AM ) മകരം രാശിയിലേക്ക് ചതയം നക്ഷത്രത്തിൽ സംക്രമിക്കുന്നു. അപ്പോൾ മുതൽ ഉത്തരായന കാലം തുടങ്ങുന്നു. ഗ്രഹനില പ്രകാരം, മേടം രാശിയിൽ വ്യാഴവും കന്നി രാശിയിൽ കേതുവും വൃശ്ചികം രാശിയിൽ ധനു രാശിയിൽ കുജനും ബുധനും മകരം രാശിയിൽ സൂര്യനും കുംഭം രാശിയിൽ ശനിയും മീനം രാശിയിൽ രാഹുവും സഞ്ചരിക്കുന്നു.
ശ്രദ്ധിക്കുക: വാര മാസ ഫലങ്ങൾ ഗണിക്കുന്നത് പൊതുവെ ഉള്ള ഗ്രഹസ്ഥിതി അടിസ്ഥാനപ്പെടുത്തിയാണ്. ഇവിടെ പറയുന്നത് ഒരു പൊതു സൂചന മാത്രമായിരിക്കും. അവരവരുടെ ജന്മ ഗ്രഹനില അനുസരിച്ചു യോഗങ്ങളും ദശാപഹാരവും ഒക്കെകൂടി പരിഗണിച്ചാൽ ഈ പൊതു ഫലത്തിന് ഏറ്റ കുറച്ചിലുകൾ ഉണ്ടാകും. എന്നിരുന്നാലും ഈ പറയുന്ന പൊതുഫലത്തെ സൂചനയായി കണ്ടു, ജാതക നിരൂപണം നടത്തി, ദശാനാഥനെ പ്രീതിപ്പെടുത്തുകയും ഗ്രഹദോഷങ്ങൾ പരിഹരിക്കുകയും ചെയ്താൽ നല്ല സമയത്തിന്റെ ഗുണഫലങ്ങൾ അനുഭവത്തിൽ വരുത്തുവാനും, മോശം സമയം തരണം ചെയ്യുവാനും പ്രയോജനപ്പെടും.
മേടം രാശി: (അശ്വതി, ഭരണി, കാർത്തിക ആദ്യ 1/4 ഭാഗം)
കുടുംബത്തിൽ വളരെ നാളായി അലട്ടിയിരുന്ന പല പ്രശ്നങ്ങൾക്കും ശാശ്വത പരിഹാരം ഉണ്ടാവും. വളരെ കാലമായി സന്താന ഭാഗ്യം ഇല്ലാത്തവർക്ക് അതിനുള്ള യോഗം ഉണ്ടാവും. ആരോഗ്യ കാര്യങ്ങളിൽ വൻ പുരോഗതി ഉണ്ടാവും. തസ്കരഭയം സാധ്യത ഉണ്ട്. സർക്കാർ ജോലിയിൽ ഇരിക്കുന്നവർക്കു പ്രൊമോഷൻ കിട്ടാൻ സാധ്യത ഉണ്ട്. പിതാവിന് ക്ലേശം അനുഭവിക്കേണ്ടി വരും. പുണ്യ തീർത്ഥങ്ങൾ സന്ദർശിക്കാൻ അവസരങ്ങൾ വന്നു ചേരും.
ഇടവം രാശി: (കാർത്തിക അവസാന 3/4 ഭാഗം, രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗം)
അനാവശ്യ കോപം നിയന്ത്രിച്ചില്ലങ്കിൽ വലിയ ദുരിതം വരുത്തി വയ്‌ക്കും. ധനസംബന്ധമായ കേസ് വഴക്കുകൾ തല പൊക്കും. പ്രമേഹരോഗികൾ വളരെയധികം സൂക്ഷിക്കുക. കൃത്യമായ ആരോഗ്യ പരിശോധന ഗുണം ചെയ്യും. അഗ്നി സംബന്ധമായ തൊഴിൽ ചെയ്യുന്നവർ ജാഗ്രത പാലിക്കുക. ദുഷിച്ച കൂട്ടുകെട്ട് കാരണം ധനനഷ്ടവും മാനഹാനിയും മാത്രമല്ല മനഃക്ലേശവും ഉണ്ടാകും. വരവിൽ കവിഞ്ഞ ചെലവ് ആഡംബര പ്രിയത്വം ഒക്കെ വർധിക്കും. ചിലർക്ക് തൊഴിലിൽ സ്ഥാന നഷ്ടം യോഗം ഉണ്ട്. ഭാര്യയുടെയോ ബന്ധു ജനങ്ങളുടെയോ വിരഹം ഉണ്ടാവും. നിനച്ചിരിക്കാത്ത നേരത്തു ആപത് ഉണ്ടാവും.
മിഥുനം രാശി: (മകയിര്യം അവസാന 1/2 ഭാഗം, തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം)
ശത്രുക്കളെക്കൊണ്ടുള്ള ഉപദ്രവം കൂടി വളരെ അധികം ബുദ്ധിമുട്ടുകൾ ഉണ്ടാവും. എഗ്രിമെന്റുകളിൽ ഒപ്പിടുമ്പോൾ വളരെ അധികം സൂക്ഷിക്കണം കേസു വഴക്കുകളിൽ പെടാനും ബന്ധനത്തിൽ പെടാനും സാധ്യത ഉണ്ട്. നേത്ര രോഗം, ഉദര രോഗം ഒക്കെയും ശല്യപെടുത്തും. തൊഴിൽ ക്ലേശങ്ങളും കൃത്യമായ വേതനം ലഭിക്കാതെയും വന്നേക്കാം. ചിലർക്ക് അലച്ചിലും ദേശാന്തര ഗമനവും വിധി. വിവാഹിതർക്ക് ഭാര്യാ വിരഹം അനുഭവത്തിൽ വന്നേക്കാം. പിതാവിന് ആശുപത്രി വാസം വേണ്ടി വന്നേക്കാം .
കർക്കിടകം രാശി: (പുണർതം അവസാന 1/4 ഭാഗം, പൂയം, ആയില്യം)
ദമ്പതികൾ തമ്മിൽ ഐക്യതക്കുറവ് സംഭവിക്കുകയും വിവാഹമോചനം കോടതി വരെ എത്താൻ സാധ്യത ഉണ്ട്. സഞ്ചാരം മൂലം ദോഷങ്ങൾ, വീഴ്ച ഒക്കെയും വരുന്ന സമയം ആണ്. അർശസ്, ഉദര രോഗം എന്നിവ അലട്ടാൻ സാധ്യത ഉണ്ട്. പല തൊഴിലുകൾ ചെയ്യേണ്ട അവസ്ഥ വരും. മേലധികാരിയിൽ നിന്നും അപ്രീതി ഉണ്ടാവുകയും ജോലിയിൽ തരം താഴ്‌ത്തൽ അനുഭവപ്പെടുകയും ചെയ്യും . സുഹൃത്തുക്കളും ആയി തെറ്റിപ്പിരിയേണ്ടി വരും. സന്താനങ്ങൾക്കോ ഏറ്റവും വേണ്ടപ്പെട്ടവർക്കോ രോഗദുരിതം വരാൻ സാധ്യത ഉണ്ട്.
ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ 1/4 ഭാഗം)
ശത്രുക്കളുടെ മേൽ വിജയം നേടുന്ന സമയമാണ്. ഉയർന്ന സ്ഥാനലബ്ധി , ധനനേട്ടം, ഭാര്യാസുഖം, പ്രശസ്‌തി എന്നിവ ഉണ്ടാവും കോടതി വ്യവഹാരങ്ങളിൽ വിജയം ഉണ്ടാകും. അന്യജനങ്ങളാൽ ആദരിക്കപ്പെടുന്ന അവസരങ്ങൾ വന്നു ചേരും. രോഗങ്ങൾ മാറി ആരോഗ്യം വീണ്ടെടുക്കും എങ്കിലും ചില അവസരങ്ങളിൽ പകർച്ച വ്യാധി പിടിപെടാതെ സൂക്ഷിക്കുക. പഴയ ചില സുഹൃത്തുക്കളെ കണ്ടുമുട്ടാൻ അവസരം ഉണ്ടാകും. സാഹിത്യത്തിലും സംഗീതത്തിലും പ്രവർത്തിക്കുന്നവർക്ക് തങ്ങളുടെ കഴിവ് ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ ഉള്ള അവസരങ്ങൾ വന്നു ചേരും.
കന്നി രാശി: (ഉത്രം അവസാന 3/4 ഭാഗം, അത്തം, ചിത്തിര ആദ്യ 1/2 ഭാഗം)
അടുത്ത ബന്ധുക്കളിൽ നിന്നോ സുഹൃത്തുക്കളിൽ നിന്നോ അപ്രതീക്ഷിതമായ തിക്താനുഭവങ്ങൾ ഉണ്ടാകും .കോടതി വ്യവഹാരങ്ങളിൽ വക്കീൽ നോട്ടീസ് വരുന്ന സമയം ആണ്. സന്താനങ്ങളെ കൊണ്ട് രോഗ ദുരിതങ്ങൾ അനുഭവിക്കേണ്ടി വരും. അലസത. മാതൃ ദോഷം മാതാവും ആയി കലഹം ഒക്കെ അനുഭവിക്കേണ്ടി വന്നേക്കാം .തൊഴിൽ സ്ഥലത്തു ശത്രുദോഷം ഉണ്ടാകുകയും തൊഴിൽ ക്ലേശമോ ജോലി തന്നെ നഷ്ടപ്പെടാൻ സാധ്യത ഉണ്ട്.
തുലാം രാശി: (ചിത്തിര അവസാന 1/2 ഭാഗം, ചോതി, വിശാഖും ആദ്യ 3/4 ഭാഗം)
ലഹരിയിൽ ആസക്തി ഉള്ളവർ വളരെ അധികം സൂക്ഷിക്കേണ്ട സമയം ആണ് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾ ഉടലെടുക്കും. . മൃഗങ്ങളിൽ നിന്നും ദുരിതങ്ങൾ പ്രതീക്ഷിക്കാം. ഭക്ഷണത്തിലെ വൃത്തി ശ്രദ്ധ ചെലുത്തുന്നത് ഗുണം ചെയ്യും. മാതാവിനോ ആ സ്ഥാനത്തു ഉള്ളവർക്കോ ക്ലേശം സംഭവിക്കും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം, വ്യവഹാര വിജയം എന്നിവയ്‌ക്ക് സാധ്യത. വാഹനങ്ങൾ കൈകാര്യം ചെയുമ്പോൾ സൂക്ഷ്മത പുലർത്തുക. തീരുമാനങ്ങളിൽ ഉറച്ചുനിൽക്കാനാവാത്ത അവസ്ഥ ഉണ്ടാവും.
വൃശ്ചികം രാശി: (വിശാഖം അവസാന 1/4 ഭാഗം, അനിഴം, തൃക്കേട്ട)
രാഷ്‌ട്രീയത്തിൽ ഇരിക്കുന്നവർക്കു പേരും പ്രശസ്‌തിയും വരുന്ന സമയം ആണ്. കാർഷിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ആദായം വർദ്ധിക്കും. ഉന്നതരായ സർക്കാർ ഉദ്യോഗസ്ഥർക്ക് വെല്ലുവിളികൾ ഏറ്റെടുക്കേണ്ടി വരും. സഹോദരങ്ങൾ തമ്മിൽ സ്വത്തുതർക്കം ഉണ്ടാകും. ശരീര സുഖം, ധനലാഭം, ആടയാഭരണ ലബ്‌ധി ശത്രുനാശം ,ഈശ്വര വിശ്വാസം വർദ്ധിക്കുക എന്നിവ ഉണ്ടാവും. ജീവിതത്തിലെ സുഖ സൗകര്യങ്ങൾ വർദ്ധിക്കും. ദമ്പതികളിൽ ഐക്യം പ്രകടമാകും.
ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ഭാഗം)
അനാവശ്യമായ കൂട്ടുകെട്ടുകൾ മാനഹാനിയും ധനനഷ്ടവും ഉണ്ടാക്കും. തൊഴിൽ ക്ലേശങ്ങൾ വർദ്ധിക്കും. , ശിരോരോഗങ്ങൾ, തലവേദന, ത്വക്ക് രോഗങ്ങൾ ഉള്ളവർ ശ്രദ്ധിക്കുക. ആലോചന ശേഷി ഇല്ലാതെ പെട്ടന്ന് ചെയുന്ന പ്രവർത്തികൾ കാരണം വൻ നഷ്ടം സംഭവിച്ചേക്കാം.ഭാര്യാ സുഖം കുറയും. അദ്ധ്വാനത്തിന് അനുസരിച്ചു വരുമാനം കിട്ടാത്ത അവസ്ഥ ഉണ്ടാവും. വേണ്ടപെട്ടവരിൽ നിന്നും ചതിക്കപ്പെടാൻ സാധ്യത ഉണ്ട്.
മകരം രാശി: (ഉത്രാടം അവസാന 3/4 ഭാഗം, തിരുവോണം, ആദ്യ അവിട്ടം 1/2 ഭാഗം)
കുടുംബ ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസത്തിനും കലഹത്തിനും ഇടയാക്കും. വിശപ്പു കുറവ് കണ്ണുകൾക്കു രോഗം , മുറിവ് , ചതവ്, ഒക്കെ സംഭവിക്കാം. അനാവശ്യ കോപം പലവിധത്തിലുള്ള ദുരിതങ്ങളിൽ എത്തിക്കും. അസമയത്തുള്ള ഒഴിവാക്കുക, അപകടം വന്നു ഭാവിക്കാൻ യോഗം ഉള്ള സമയമാണ്. നിദ്രാ തടസ്സം , വിദ്യാർത്ഥികൾക്ക് ചില വിഷയങ്ങളിൽ പരാജയം . ചിലർക്ക് കൈക്കൂലിയിൽ കുടുങ്ങാൻ യോഗം ഉണ്ട്.
കുംഭം രാശി: (അവിട്ടം അവസാന 1/2 ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം)
കുടുംബം വിട്ടു മാറി നിൽക്കേണ്ട അവസ്ഥ ഉണ്ടാവും. വിദേശ വാസം , ഭാര്യാഭർത്തൃ അകൽച്ച , കുടുംബത്തിൽ വേണ്ടപ്പെട്ടവരുടെ വിയോഗം എന്നിവ ഉണ്ടാവും. രാഷ്‌ട്രീയക്കാർക്ക് അനാവശ്യ ബന്ധങ്ങൾ ധനനഷ്ടത്തിലും മാനഹാനിയിലും ചെന്നെത്തിക്കും. . തൊഴിൽ ഇടങ്ങളിൽ സ്ഥാന ഭ്രംശം , വരവിൽ കവിഞ്ഞ ചെലവ് ഒക്കെയും ഉണ്ടാകും. അന്യസ്ത്രീകളിൽ താല്പര്യം വർദ്ധിക്കുകയും പലതരത്തിലുള്ള പാഴ്‌ച്ചെലവുകൾ ഉണ്ടാവുകയും ചെയ്യും. നല്ലത് ചെയ്താലും ദോഷാനുഭവങ്ങൾ തിരിച്ചു വരിക.
മീനം രാശി: (പൂരൂരുട്ടാതി അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി)
കുടുംബ സൗഖ്യ൦ , തൊഴിൽ വിജയം, ഭക്ഷണ സുഖം, വാഹന ഭാഗ്യം, വ്യാപാരം, ബിസിനസ്സ് എന്നിവയിൽ പുരോഗതി, രോഗശാന്തി എന്നിവ ഉണ്ടാകും. ഈശ്വര വിശ്വാസം വർദ്ധിക്കുകയും പ്രധാനപ്പെട്ട പുണ്യതീർത്ഥ സ്ഥലങ്ങൾ സന്ദർശിക്കുവാൻ അവസരം ലഭിക്കുകയും ചെയ്യും. സഹോദരഗുണം പ്രതീക്ഷിക്കാം. കലാസാഹിത്യ രംഗങ്ങളിൽ കഴിവ് വർദ്ധിക്കും. പ്രണയസാഫല്യം, പ്രണയ വിവാഹം ഒക്കെയും നടക്കാൻ സാധ്യത. പരോപകാര താല്പര്യം വർദ്ധിക്കും.
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Monthly Prediction by Jayarani E.V