ഇസ്ലാമബാദ്: പാകിസ്താനിലെ ഖൈബർ-പഖ്തൂൺഖ്വ പ്രവിശ്യയിൽ ഇമ്രാൻ ഖാന്റെ പാർട്ടിയുടെ നേതാവ് വെടിയേറ്റ് മരിച്ചു. പാകിസ്താൻ തെഹ്രീകെ ഇൻസാഫ് പാർട്ടിയുടെ നേതാവായ ഷാ ഖാലിദിനെ മോട്ടോർ സൈക്കിളിൽ എത്തിയ അജ്ഞാതർ വെടിവച്ചു കൊന്നതായി ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു. പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാകിസ്താനിൽ ആക്രമവും അരക്ഷിതാവസ്ഥയും വ്യാപകമാവുകയാണ്.
ഒരു സ്വതന്ത്ര സ്ഥാനാർത്ഥി കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് വീണ്ടും കൊലപാതകം നടന്നത്. നോർത്ത് വസീറിസ്ഥാൻ എന്ന ഗോത്രവർഗ ജില്ലയിൽ നിന്നുള്ള സ്ഥാനാർത്ഥി മാലിക് കലീമുള്ളയും രണ്ട് കൂട്ടാളികളും ദിവസങ്ങൾക്ക് മുൻപാണ് വെടിയേറ്റ് മരിച്ചത്. ബലൂചിസ്ഥാൻ പ്രവിശ്യയിലെ ടർബത്ത് നഗരത്തിലുണ്ടായ വെടിവയ്പിൽ പിഎംഎൽ-എൻ സ്ഥാനാർത്ഥി അസ്ലം ബുലേദിക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ പുറത്തു വന്നു.
പാകിസ്താൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോൺഫ്‌ലിക്റ്റ് ആൻഡ് സെക്യൂരിറ്റി സ്റ്റഡീസിന്റെ റിപ്പോർട്ട് അനുസരിച്ച്, നവംബറിൽ ഏറ്റവും കൂടുതൽ ഭീകരാക്രമണങ്ങൾ നടന്നത് ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയാണ്. 51 ആക്രമണങ്ങളിൽ 81 പേരാണ് കൊല്ലപ്പെട്ടത്.















