ആലപ്പുഴ: കുട്ടനാട്ടിൽ കടബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്ത കർഷകൻ കെജി പ്രസാദിന്റെ കുടുംബത്തിന് ആധാരം തിരിച്ച് നൽകാതെ എസ്‌സിഎസ്ടി കോർപ്പറേഷൻ. ആധാരം തിരിച്ചെടുക്കുന്നതിനായി പ്രസാദിന്റെ ഭാര്യ ഓമന മുഴുവൻ പണവുമായി കോർപ്പറേഷനിലെത്തിയിട്ടും വായ്പ തീർക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല.
മന്ത്രി കെ രാധാകൃഷ്ണൻ ഇടപെട്ട് ജപ്തി നടപടികൾ സ്റ്റേ ചെയ്‌തെന്നും സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നുമാണ് കോർപ്പറേഷന്റെ വിശദീകരണം. അന്വേഷണം പൂർത്തിയാകാതെ ആധാരം വിട്ടുനൽകാൻ കഴിയില്ല. അതല്ലെങ്കിൽ ഇനി സർക്കാർ ആനുകൂല്യം വേണ്ടെന്ന് ഓമന എഴുതിത്തരണമെന്നുമാണ് കോർപ്പറേഷന്റെ അവകാശവാദം.
സുരേഷ് ഗോപിയാണ് കുടുംബത്തിന് ആധാരം വീണ്ടെടുക്കാനുള്ള മുഴുവൻ തുകയും നൽകിയത്. പ്രസാദിന്റെ ഭാര്യ ഓമനയ്‌ക്ക് ജപ്തി നോട്ടീസ് വന്ന സാഹചര്യത്തിലാണ് സുരേഷ് ഗോപി സഹായഹസ്തവുമായി എത്തിയത്. എസ്സിഎസ്ടി കോർപ്പറേഷനിൽ നിന്ന് പ്രസാദിന്റെ ഭാര്യ വായ്പയെടുത്ത 60000 രൂപയും പലിശയുമാണ് സുരേഷ് ഗോപി നൽകിയത്.















