ഗുരുവായൂര്‍ : കേട്ടറിഞ്ഞ ഗുരുവായൂരപ്പന് മുന്നിൽ മനസ് നിറഞ്ഞു തൊഴുകൈകളുമായി നിന്നു ആ വിദേശികൾ . ഫ്രാന്‍സ്, ബ്രസീല്‍, ഓസ്‌ട്രേലിയ, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തിയ 27 ഭക്തരാണ് ഗുരുവായൂരപ്പന് മുന്നില്‍ കൂപ്പുകൈകളോടെ തുലാഭാരം നടത്തി. സനാതന ധര്‍മ്മത്തെ പിന്തുടരുന്ന ഇവര്‍ സായ് സഞ്ജീവനി ട്രസ്റ്റിന്റെ അതിഥികളായാണ് എത്തിയത്. ഇതാദ്യമായാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇത്രയധികം വിദേശഭക്തര്‍ക്ക് തുലാഭാരം നടക്കുന്നത്.
ബ്രസീലിലെ സീതാജിയുടെ നേതൃത്വത്തില്‍ എത്തിയ സംഘമാണ് തുലാഭാരം നടത്തിയത്. കഴിഞ്ഞ ഏഴുവര്‍ഷമായി ഓണ്‍ലൈനിലൂടെ കേട്ടറിഞ്ഞ ഗുരുവായൂര്‍ വിശേഷങ്ങളും കൃഷ്ണകഥകളും അവര്‍ അയവിറക്കി.
27 പേരും മണിക്കിണറിലെ തീര്‍ത്ഥം കൊണ്ടായിരുന്നു തുലാഭാരം നടത്തിയത്. സാധനാ മര്‍ഗ്ഗം പിന്തുടരുന്ന ഇവര്‍ ശരീര ബോധ സമര്‍പ്പണം എന്ന സങ്കല്‍പത്തിലാണ് തീര്‍ത്ഥജലം തുലാഭാരത്തിനായി തിരഞ്ഞെടുത്തത്.
തുടര്‍ന്ന് ഗുരുവായൂര്‍ സായിമന്ദിരത്തില്‍ നടന്ന മഹാഭിഷേകത്തിലും അമാവാസ്യ ഹവനത്തിലും അവര്‍ പങ്കെടുത്തു. ഇന്ന് തിരുവണ്ണാമലയിലേക്ക് യാത്ര തിരിക്കും. സായി സഞ്ജീവനി നടത്തുന്ന മൗന യോഗ പരിശീലകരാണ് ഇവര്‍. പിടിപ്പണം ഭഗവാന് ഭണ്ഡാരത്തില്‍ നിക്ഷേപിച്ചുമാണ് ഇവർ മടങ്ങിയത്.















