ലക്നൗ: അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്രതം ഒരു വലിയ ഉത്തരവാദിത്വമാണെന്ന് രാമക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്. പ്രാണപ്രതിഷ്ഠാ ചടങ്ങുമായി നടത്തേണ്ട പൂജാ കർമ്മങ്ങളെ സംബന്ധിച്ച് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രാണപ്രതിഷ്ഠാ ചടങ്ങ് എന്നത് ഒരു വിപുലമായ ആചാരമാണ്. ചടങ്ങുകൾ ജനുവരി 14 മുതൽ ആരംഭിക്കും. പ്രാണ പ്രതിഷ്ഠയ്‌ക്ക് പതിനൊന്ന് ദിവസം മുമ്പ് വ്രതം അനുഷ്ഠിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം പ്രശംസനീയമാണ്. രാംലല്ലയോടുള്ള പ്രധാനമന്ത്രിയുടെ ഈ അർപ്പണബോധം അദ്ദേഹത്തിന് വളരെയധികം അനുഗ്രഹീതമാണ്. ഇതൊരു വലിയ ഉത്തരവാദിത്വമാണ്. സ്വയം നമ്മളിൽ തന്നെ ഈശ്വരബോധം വളർത്താൻ വ്രതാനുഷ്ഠാനത്തിലൂടെ സാധ്യമാകും’ ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു.
രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി ജനുവരി 18-ന് ഗണേശ അംബികാ പൂജ, വരുണ പൂജ, മാത്രിക പൂജാ,വാസ്തു പൂജ എന്നിവ നടക്കും. ജനുവരി 19-ന് അഗ്നി സ്ഥാപനം, നവഗ്രഹ സ്ഥാപനം, ഹവനം എന്നീ ചടങ്ങുകളാണ് നടക്കുന്നത്. 20-ന് ശ്രീകോവിൽ സരയൂ തീർത്ഥത്താൽ ശുചിയാക്കിയ ശേഷം വാസ്തു ശാന്തി പൂജയും, അന്നാധിവാസും നടത്തും. ജനുവരി 21-ന് 125 കലശങ്ങളിലെ ജലം ഉപയോഗിച്ചുള്ള ദിവ്യസ്‌നാനത്തിന് ശേഷം ശയാധിവാസ് നടക്കും.















