മുംബൈ: അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠക്ക് മുന്നോടിയായി ശ്രീരാമന് പട്ടുപുടവ നെയ്ത് വിശ്വാസികൾ. മഹാരാഷ്‌ട്രയിലെ നാസിക്കിൽ നിന്നുള്ള വിശ്വാസികളാണ് പട്ടുവസ്ത്രം നെയ്തൊരുക്കിയത്. നാസിക്കിലെ യോല നഗരത്തിലാണ് വസ്ത്രങ്ങൾ നിർമ്മിച്ചത്.
ശ്രീരാമൻ, സീതാദേവി, ലക്ഷ്മണൻ, ഭരതൻ, ശത്രുഘ്നൻ, ഹനുമാൻ എന്നിവർക്കായി യോലയിലെ കാപ്‌സെ ഫൗണ്ടേഷന്റെ പേരിലാണ് പട്ടുവസ്ത്രങ്ങൾ നെയ്ത് അയോദ്ധ്യയിലെത്തിച്ചത്. മുന്നൂറോളം വിശ്വാസികൾ ചേർന്നാണ് വസ്ത്രങ്ങൾ ഒരുക്കിയത്. ശ്രീരാമ തീർത്ഥ ക്ഷേത്ര ട്രസ്റ്റാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ജനുവരി 14 മുതൽ ജനുവരി 22 വരെയാണ് അയോദ്ധ്യ അമൃത് മഹോത്സവം ആഘോഷിക്കുന്നത്. പ്രാണപ്രതിഷ്ഠയ്‌ക്ക് മുന്നോടിയായുള്ള ചടങ്ങുകൾ ജനിവരി 17-ന് ആരംഭിക്കും. വിഗ്രഹ ഘോഷയാത്ര 17-നാണ് ക്ഷേത്രത്തിലെത്തുന്നത്.
ജനുവരി 18-ന് ഗണേശ അംബികാ പൂജ, വരുണ പൂജ, മാത്രിക പൂജാ,വാസ്തു പൂജ എന്നിവ നടക്കും. ജനുവരി 19-ന് അഗ്നി സ്ഥാപനം, നവഗ്രഹ സ്ഥാപനം, ഹവനം എന്നീ ചടങ്ങുകളാണ് നടക്കുന്നത്. 20-ന് ശ്രീകോവിൽ സരയൂ തീർത്ഥത്താൽ ശുചിയാക്കിയ ശേഷം വാസ്തു ശാന്തി പൂജയും, അന്നാധിവാസും നടത്തും. ജനുവരി 21-ന് 125 കലശങ്ങളിലെ ജലം ഉപയോഗിച്ചുള്ള ദിവ്യസ്‌നാനത്തിന് ശേഷം ശയാധിവാസ് ചടങ്ങുകളും നടക്കും.















