പത്തനംതിട്ട: മകരവിളക്ക് ദിവസം അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്ന് ഉച്ചയ്‌ക്ക് പന്തളത്ത് നിന്ന് ആരംഭിക്കും. ഉച്ചയ്‌ക്ക് ഒരു മണിയിക്ക് ആരംഭിക്കുന്ന ഘോഷയാത്ര പരമ്പരാഗത പാതയിലൂടെ സഞ്ചരിച്ച് 15 ന് സന്നിധാനത്തെത്തും. രാജകുടുംബാംഗത്തിന്റെ മരണത്തെ തുടർന്ന് ഇത്തവണ പന്തളം കൊട്ടാരത്തിലും ക്ഷേത്രത്തിലും ഒരുതരത്തിലുള്ള ചടങ്ങുകളും ഉണ്ടാകില്ല, ഘോഷയാത്രയിലും കൊട്ടാരത്തിൽ നിന്നുള്ള പ്രതിനിധി പങ്കെടുക്കില്ല.
ഇത്തവണ പന്തളം ക്ഷേത്രത്തിന് മുന്നിലോ കൊട്ടാരവളപ്പിലോ തിരുവാഭരണം ദർശനത്തിന് വെയ്‌ക്കുന്ന ചടങ്ങും ഉണ്ടായിരിക്കില്ല. ക്ഷേത്ര പരിസരത്തിന് പുറത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലിലാകും തിരുവാഭരണം സൂക്ഷിക്കുന്നത്. പന്തളം ക്ഷേത്രത്തിൽ നിന്ന് തിരുവാഭരണം പുറത്തെടുത്ത് പുണ്യാഹം തളിച്ച് പന്തലിലേയ്‌ക്ക് മാറ്റും. എന്നാൽ ഈ പ്രത്യേക പന്തലിലും ഭക്തർക്ക് ദർശനം ഒരുക്കിയിട്ടില്ല.
ഘോഷയാത്ര ആരംഭിച്ച ശേഷം കുളനട ക്ഷേത്രത്തിലാണ് ആദ്യം തിരുവാഭരണം ഇറക്കിവയ്‌ക്കുന്നത്. ഇത്തവണ കുളനട ക്ഷേത്രത്തിലാണ് ഭക്തർക്ക് തിരുവാഭരണ ദർശനത്തിന് അവസരമൊരിക്കിയിരിക്കുന്നത്. കഴിഞ്ഞ തവണയും ഘോഷയാത്രയിൽ പേടകം വഹിച്ച സംഘം തന്നെയാണ് ഇത്തവണയും വാഹക സംഘത്തിലുള്ളത്. ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ളയാണ് ഇത്തവണയും പേടകം തലയിലേന്തുന്നത്.